കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. ‘യോഗനാദ’ത്തിന്‍റെ എഡിറ്റോറിയലിലാണ് തോമസ് കെ തോമസിനെതിരെ ആഞ്ഞടിച്ചും എകെ ശശീന്ദ്രനെ പുകഴ്ത്തിയും വെള്ളാപ്പള്ളി നടേശന്‍ എഴുതിയിരിക്കുന്നത്. വനംമന്ത്രി പദവിക്ക് വേണ്ടി തോമസ് കെ. തോമസിന്റെയും പിസി ചാക്കോയുടെയും കുറച്ചുകാലമായുള്ള പരാക്രമം കണ്ട് രാഷ്ട്രീയ കേരളം ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ലെന്നും അദ്ദേഹത്തിന്‍റെ സഹോദരന്‍റെ യാതൊരു ഗുണവും ഇല്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഒരു കുബേരന്റെ മന്ത്രി മോഹം പൂര്‍ത്തീകരിക്കേണ്ട ബാധ്യത എല്‍ഡിഎഫിന് ഇല്ലെന്നും കൂട്ടിച്ചേർത്തു. കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന് കരുതുന്ന ആളാണ് തോമസ് കെ തോമസ്.
ഇടതുമുന്നണിയോടുള്ള സ്‌നേഹം കാരണമാണ് തോമസ് കെ തോമസ് കുട്ടനാട്ടില്‍ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇടത് രാഷ്ട്രീയ പാരമ്പര്യത്തിനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും ചേരാത്ത രാഷ്ട്രീയകളികളാണ് എൻസിപിയെന്ന ആളില്ലാ പാർട്ടിയുടെ പുതിയ നേതാക്കളുടേത്. അത് തിരിച്ചറിയാനുള്ള രാഷ്ട്രീയമായ പക്വതയും പാകതയും ഇടതുമുന്നണിക്കും സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്ളതിനാലാണ് കളികൾ ഇതുവരെ ഫലിക്കാതിരുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ALSO READ; കലൂർ സ്റ്റേഡിയം അപകടം; നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
ലേഖനത്തിന്‍റെ പൂർണരൂപം:
ഇടതു ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) തലതല്ലിപ്പിരിഞ്ഞ്, ക്ഷയിച്ച് ഒരു വള്ളത്തിൽ കയറാനുള്ള ആൾ പോലും ഇല്ലാത്ത അവസ്ഥയിലായി. എൻ.സി.പിയുടെ തറവാടും തലതൊട്ടപ്പൻ ശരത് പവാറിന്റെ തട്ടകവുമായ മഹാരാഷ്ട്രയിലെ അവസ്ഥയും ഇതുപോലെ തന്നെ. അലക്കൊഴിഞ്ഞ് നേരമില്ലെന്ന് പറയും പോലെ തമ്മിലടി കഴിഞ്ഞിട്ട് അവർക്ക് പാർട്ടിയെ വളർത്താൻ നേരമില്ല. കേരളത്തിൽ ഒൗദ്യോഗികപക്ഷമേത്, വിമതരേതെന്ന് അറിയാൻ പറ്റാത്ത സ്ഥിതിയാണ്. എൽ.ഡി.എഫിലും യു.ഡി.എഫിലും എൻ.ഡി.എയിലും ഈ പാർട്ടിയുണ്ട്. ജില്ലതോറും രണ്ടും മൂന്നും ജില്ലാ പ്രസിഡന്റുമാരുമുണ്ട്. ഇതിനിടയിലാണ് സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെടുന്ന പി.സി.ചാക്കോയും സംഘവും വനം മന്ത്രി എ.കെ.ശശീന്ദ്രനെ എങ്ങിനെയും മാറ്റി കുട്ടനാട് എം.എൽ.എ. തോമസ് കെ.തോമസിനെ മന്ത്രിമന്ദിരത്തിൽ താമസിപ്പിക്കാനുള്ള കഠിനശ്രമങ്ങൾ നടത്തുന്നത്. പാർട്ടിക്ക് ആകെയുള്ള വനംമന്ത്രി പദവിക്ക് വേണ്ടി തോമസ് കെ. തോമസിന്റെയും പി.സി. ചാക്കോയുടെയും കുറച്ചുകാലമായുള്ള പരാക്രമം കണ്ട് രാഷ്ട്രീയ കേരളം ചിരിക്കുകയാണ്.
രണ്ട് എം.എൽ.എമാരാണ് പാർട്ടിക്കുള്ളത്. തോമസും എ.കെ.ശശീന്ദ്രനും. പ്രമുഖ പ്രവാസി വ്യവസായിയും എൻ.സി.പിയുടെ കരുത്തനും മുൻ കുട്ടനാട് എം.എൽ.എയും ജനകീയനുമായിരുന്ന തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ.തോമസ്. സഹോദരന്റെ വിയോഗത്തെ തുടർന്ന് കുട്ടനാട് നിയോജക മണ്ഡലം തങ്ങളുടെ തറവാട്ടുവകയാണെന്ന് കരുതി എൻ.സി.പിയിൽ നിന്ന് പിടിച്ചുവാങ്ങി മത്സരിച്ച് ജയിച്ച് നിയമസഭയിലെത്തിയ ആളാണ് അദ്ദേഹം. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം അശേഷമില്ല. ചേട്ടന്റെ ഒരു ഗുണവുമില്ല. തോമസ് ചാണ്ടിയോടുണ്ടായിരുന്ന സ്നേഹം കൊണ്ടാകും ഇടതുമുന്നണി ഒൗദാര്യം പോലെ കുട്ടനാട് മണ്ഡലം എൻ.സി.പിക്ക് നൽകിയത്. അക്ഷന്തവ്യമായ അപരാധമായിപ്പോയി ആ തീരുമാനമെന്ന് കാലം തെളിയിക്കുകയാണ്. പാവപ്പെട്ട കർഷകതൊഴിലാളികളും പിന്നാക്ക, പട്ടിക വിഭാഗക്കാരും തിങ്ങിപ്പാർക്കുന്ന കുട്ടനാട്ടിൽ ഒരു രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവുമില്ലാത്ത തോമസ് കെ.തോമസ് മത്സരിച്ചത് അവരോട് ചെയ്ത തെറ്റാണ്. എന്നിട്ടും ജയിപ്പിക്കാൻ ജനങ്ങൾ കൂട്ടുനിന്നത് തോമസിനോടും എൻ.സി.പിയോടുമുള്ള പ്രേമം കൊണ്ടല്ല, കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള കടപ്പാടും ഇടതുവേരുകളുടെ ശക്തിയും കൊണ്ടായിരുന്നു. അതു മനസിലാക്കാതെ കുട്ടനാട് കുടുംബസ്വത്താണെന്ന രീതിയിലാണ് എം.എൽ.എയുടെ പ്രതികരണങ്ങളും പെരുമാറ്റവും. പണത്തിന്റെ കൊഴുപ്പുകൊണ്ട് ജനങ്ങളെയും ജനാധിപത്യത്തെയും കൈപ്പിടിയിലാക്കാമെന്ന അഹങ്കാരം ആർക്കും നല്ലതല്ല.
അടുത്ത തിരഞ്ഞെടുപ്പിന് ഇവിടെ ഇടതുസ്ഥാനാർത്ഥിയെ നിറുത്തിയില്ലെങ്കിൽ കുട്ടനാട് സീറ്റ് എൽ.ഡി.എഫിന് ബാലികേറാ മലയായി മാറിയാലും അത്ഭുതപ്പെടാനില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിന് പകരം ആളില്ലാ പാർട്ടിയെ ആളാക്കാൻ ഇടതുമുന്നണി ഇനി ശ്രമിക്കില്ലെന്ന് കരുതാം. എൽ.ഡി.എഫിനും ഭരണത്തിനും മങ്ങലേൽപ്പിക്കുന്ന രീതിയിലാണ് എൻ.സി.പിയും തോമസ് കെ.തോമസും പി.സി.ചാക്കോയും പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും വിമർശിച്ചാൽ കുറ്റം പറയാനാകുമോ ? എൻ.സി.പിയിലാണെങ്കിലും എ.കെ.ശശീന്ദ്രൻ വിദ്യാർത്ഥികാലം മുതൽ സുദീർഘമായ രാഷ്ട്രീയ പാരമ്പര്യവും രാഷ്ട്രീയത്തിന് അതീതമായി ജനപിന്തുണയുമുള്ള ആളാണ്. അതിനേക്കാളുപരി പിന്നാക്ക സമുദായാംഗവുമാണ്. ഇടതുസർക്കാരിലെ പിന്നാക്ക പ്രതിനിധിയും പഴയതലമുറയുടെ രാഷ്ട്രീയപാരമ്പര്യം പേറുന്നയാളുമാണ്. 2011 മുതൽ എലത്തൂരിൽ നിന്നുള്ള എം.എൽ.എയാണ്. മുൻ കെ.എസ്.യു., യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. 1978ൽ കോൺഗ്രസ് പിളർന്നപ്പോൾ ആദർശം മുറുകെപ്പിടിച്ച് എ.കെ.ആന്റണിക്കൊപ്പം ഇടതുമുന്നണിയിലേക്ക് പോയ ആളാണ്. ആന്റണിയുൾപ്പെടെ പിന്നീട് കോൺഗ്രസിലേക്ക് മടങ്ങിയിട്ടും ശശീന്ദ്രൻ നിലപാട് മാറ്റിയില്ല, കോൺഗ്രസ് എസ് പുനരുജ്ജീവിപ്പിച്ച് രാമചന്ദ്രൻ കടന്നപ്പിള്ളി പിന്മാറിയപ്പോഴും ശശീന്ദ്രൻ എൻ.സി.പിയിൽ തന്നെ നിന്നു. നിലപാടിലും രാഷ്ട്രീയ സംസ്കാരത്തിലും വെള്ളം ചേർക്കാത്ത ശശീന്ദ്രനെ അതുകൊണ്ട് തന്നെയാണ് ഇത്രയും കാലം ഇടതുമുന്നണി, വിശേഷിച്ച് സി.പി.എം. ചേർത്ത് നിറുത്തിയതും.
അര നൂറ്റാണ്ടിലേറെ രാഷ്ട്രീയ പ്രവർത്തനപാരമ്പര്യമുള്ള ജനപക്ഷത്ത് നിൽക്കുന്ന ശശീന്ദ്രനെന്ന കേരളത്തിലെ തലമുതിർന്ന രാഷ്ട്രീയ നേതാവിനെതിരെയാണ് ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത, ഒപ്പം നിൽക്കാൻ എൽ.ഡി.എഫിൽ പോയിട്ട്, എൻ.സി.പിയിൽ പോലും നാലുപേരില്ലാത്ത, പണത്തിന്റെ കനംമാത്രമുള്ള തോമസ് കെ.തോമസിന് വേണ്ടി ഇന്നലെ കോൺഗ്രസ് വിട്ട് സംസ്ഥാന പ്രസിഡന്റ് പദവി വിലപേശി വാങ്ങി എൻ.സി.പി.യിൽ ചേക്കേറിയ പി.സി.ചാക്കോയും സംഘവും നടത്തുന്ന ‘ആദർശപോരാട്ടം’. ഇതിന്റെ പിന്നിൽ എന്താണെന്ന് മനസിലാക്കാനുള്ള വിവേകം കുട്ടനാട്ടിലെ മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്കുണ്ട്. സമ്മർദ്ദതന്ത്രങ്ങൾ ഇപ്പോൾ അങ്ങ് മുംബയിൽ ശരത് പവാറിന്റെ മുന്നിലാണ്. അത് മുറുകിയിട്ടും ശശീന്ദ്രന്റെ കസേര അനങ്ങിയിട്ടില്ല. പാർട്ടി ആവശ്യപ്പെട്ടാൽ മാറുമെന്ന പക്വമായ നിലപാട് തന്നെയാണ് ശശീന്ദ്രന്റേത്. സമയദോഷം കൊണ്ടത്രെ തനിക്ക് മന്ത്രിപദവി വൈകുന്നതെന്ന് തോമസ് കെ.തോമസും പറയുന്നു. മന്ത്രിമാറ്റം പരിഗണനയിലില്ലെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടും ബലമായി പിടിച്ചുവാങ്ങുവാൻ സമ്മർദതന്ത്രം പയറ്റുകയാണ് ചാക്കോ – തോമസ് സംഘം. ശശീന്ദ്രനെ പിൻവലിച്ചാൽ മന്ത്രിപദം പാർട്ടിക്ക് ലഭിക്കാനുമിടയില്ല. എന്നാലും ശശീന്ദ്രനെ കസേരയിൽ നിന്നിറക്കുമെന്ന വാശിയുടെ പിന്നിലുള്ള കൂട്ടായ്മയുടെ സമുദായവഴി ഏതെന്ന് അറിയാൻ കവിടി നിരത്തേണ്ട കാര്യമില്ല. ഇടത് രാഷ്ട്രീയ പാരമ്പര്യത്തിനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ചിന്തകൾക്കും ചേരാത്ത രാഷ്ട്രീയകളികളാണ് എൻ.സി.പി.യെന്ന ആളില്ലാ പാർട്ടിയുടെ പുതിയ നേതാക്കളുടേത്. അത് തിരിച്ചറിയാനുള്ള രാഷ്ട്രീയമായ പക്വതയും പാകതയും ഇടതുമുന്നണിക്കും സി.പി.എം. നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഉള്ളതിനാലാണ് കളികൾ ഇതുവരെ ഫലിക്കാതിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി. പിന്നാലെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേളികൊട്ടുമുയരും. അതിനിടെ എന്ത് സമ്മർദ്ദമുണ്ടായാലും മന്ത്രിക്കസേര പിടിക്കാനുള്ള അത്യാഗ്രഹത്തിന് ഇടതുമുന്നണിപിടികൊടുക്കരുത്. ഒരു കുബേരന്റെ മന്ത്രിമോഹം പൂർത്തീകരിക്കേണ്ട ബാദ്ധ്യത ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു പ്രസ്ഥാനത്തിനുമില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here