തമിഴകത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരി ‘എന്‍ ശങ്കരയ്യ’

തമിഴകത്തെ തൊഴിലാളിവര്‍ഗ രാഷ്ട്രീയം കൊണ്ട് ചുവപ്പിച്ച വിപ്ലവകാരിയാണ് എന്‍ ശങ്കരയ്യ. തമിഴകത്തെ എണ്ണമറ്റ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ നായകന്‍. 1964ല്‍ സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഒരാള്‍.

1931 മാര്‍ച്ച് 23ന് ഭഗത്സിംഗിനെ തൂക്കിലേറ്റിയപ്പോള്‍ തമിഴ്നാട്ടിലെ തൂത്തുക്കുടി പട്ടണത്തിലെ പ്രതിഷേധിച്ചിറങ്ങിയ ജനക്കൂട്ടത്തില്‍ ഒരു ഒമ്പതു വയസ്സുകാരനുമുണ്ടായിരുന്നു- നരസിംഹലു ശങ്കരയ്യ. പതിനേഴാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗം. മധുരയിലെ അമേരിക്കന്‍ കോളജില്‍ ബിരുദത്തിന് പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത് അവസാനവര്‍ഷ പരീക്ഷയെഴുതാനാവാതെ ശങ്കരയ്യ ജയിലിലായി.

Also Read : വിപ്ലവ വീര്യം, സഖാക്കളുടെ പ്രിയ നേതാവ് എന്‍.ശങ്കരയ്യക്ക് വിട

ജന്മാനാടിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ മധുര, വെല്ലൂര്‍, രാജമുന്ദ്രി, കണ്ണൂര്‍, സേലം, തഞ്ചാവൂര്‍ ജയിലുകളൊന്നും ആ വിപ്ലവകാരിയെ തളര്‍ത്തിയില്ല. വെല്ലൂര്‍ ജയിലില്‍ സഖാവ് എകെജിയെ പരിചയപ്പെട്ടത് രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായി. 1948-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധനത്തെ തുടര്‍ന്ന് ശങ്കരയ്യ ഒളിവില്‍പ്പോയി. 1950-ല്‍ അറസ്റ്റിലായെങ്കിലും ഒരു വര്‍ഷത്തിനുശേഷം വിട്ടയച്ചു. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധത്തിന്റെ സമയത്തും ശങ്കരയ്യയെ ജയിലിലടച്ചു.

1965-ല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ വീണ്ടുമൊരു ശ്രമമുണ്ടായപ്പോള്‍ ശങ്കരയ്യ പതിനേഴ് മാസം ജയിലില്‍ കിടന്നു. 1964-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആശയപ്പോരാട്ടം രൂക്ഷമായപ്പോള്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന്, ഇഎംഎസും എകെജിയും വിഎസ് അച്ച്യുതാനന്ദനും ഉള്‍പ്പെടെ സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഒരാള്‍. ഏറെക്കാലം സിപിഐ എമ്മിന്റെ തമിഴ്നാട് സെക്രട്ടറി. 1967, 1977, 1980 തെരഞ്ഞെടുപ്പുകളില്‍ ജയിച്ച് നിയമസഭാംഗം. നൂറു വയസ്സ് പിന്നിട്ടിട്ടും എന്‍. ശങ്കരയ്യ ബൗദ്ധികതലത്തില്‍ സജീവമായിരുന്നു. വിപ്ലവവീര്യം കൊണ്ട് നിറഞ്ഞു നിന്നിരുന്നു.

2018-ല്‍ സിപിഐ-എമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശങ്കരയ്യയെയും വി.എസ്. അച്യുതാനന്ദനെയും ആദരിച്ചിരുന്നു. അവസാനകാലത്ത് മധുരെ സര്‍വകലാശാല അദ്ദേഹത്തിന് ഡിലിറ്റ് നല്‍കി. രണ്ടുവര്‍ഷം മുമ്പ് ശങ്കരയ്യയെ തമിഴ്‌നാട് സര്‍ക്കാര്‍ തഗൈസല്‍ തമിഴര്‍ അവാര്‍ഡ് നല്‍കിയും ആദരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News