വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ മരുന്നും പരിചരണവും നൽകാതെ അവയെ മരണത്തിലേക്ക് നയിക്കുന്നതിൽ മനംനൊന്ത് മൃഗഡോക്ടർ സ്വയം ജീവനൊടുക്കി. ജോണ്‍ എല്ലിസ് (35) എന്ന യുകെയിലെ വെറ്ററിനറി ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. മൃഗങ്ങള്‍ക്ക് ദയാവധത്തിന് നല്‍കുന്ന മരുന്ന് സ്വയംകുത്തിവെച്ച് മരിക്കുകയായിരുന്നു. 2022 നവംബര്‍ ഏഴിനാണ് സംഭവമുണ്ടായത്. എന്നാൽ, ഇയാളുടെ വ്യക്തിജീവിതത്തിലും പ്രശ്നങ്ങളുണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.
വളർത്തുമൃഗങ്ങളെ ആവശ്യമില്ലാതെ ദയാവധം ചെയ്യാനുള്ള ഉടമകളുടെ നിർബന്ധം ഇയാളെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഇതിനെത്തുടർന്നാണ് ജോൺ ജീവനൊടുക്കിയതെന്ന് അന്വേഷണം നടത്തിയ ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ കോടതിയിൽ അറിയിച്ചു. ക്ലിനിക്കിന് പുറത്ത് പുത്തന്‍ കാറുകളില്‍ വന്നിറങ്ങുന്നവര്‍ പോലും തങ്ങൾ വളർത്തുന്ന മൃഗങ്ങള്‍ക്കുവേണ്ടി പണംചെലവഴിക്കാന്‍ തയ്യാറാകാത്തതില്‍ ജോണ്‍ ദുഃഖിതനായിരുന്നതായും ജുഡീഷ്യല്‍ ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
മൃഗങ്ങളുടെ ചികിത്സാച്ചെലവ് താങ്ങാന്‍ കഴിയാത്തവർ പലപ്പോഴും വളരെ വൈകിയാണ് അവയെ ക്ലിനിക്കില്‍ കൊണ്ടുവരാറുള്ളത്, അപ്പോഴേക്കും ഏറെ വൈകിയിട്ടുണ്ടാകുമെന്ന് ജോണ്‍ പറഞ്ഞതായി അമ്മ ടിന എല്ലിസ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഫെയറമില്‍നിന്നുള്ള കൗണ്‍സിലർ കൂടിയാണ് ജോണിന്റെ അമ്മ ടിന.
12 കൊല്ലമായി ആഷ്‌ലി ജെയിംസ് എന്ന യുവതിയുമായി ജോണിന് ബന്ധമുണ്ടായിരുന്നു. ഈ ബന്ധം നിലനില്‍ക്കെ തന്നെ റയാന്‍ ഹണ്ട് എന്നൊരാളുമായും ജോണ്‍ അടുപ്പത്തിലായി. അവസാനത്തെ രണ്ടുകൊല്ലം ആഷ്‌ലിയുമായും റയാനുമായും രഹസ്യ ബന്ധം ജോൺ തുടര്‍ന്നിരുന്നു. ജോണ്‍ തന്നെ വഞ്ചിച്ചിരുന്നെന്ന് അദ്ദേഹം മരിക്കുന്നിടംവരെ അറിഞ്ഞിരുന്നില്ലെന്നാണ് ആഷ്‌ലി പറഞ്ഞത്.
ആന്‍ഡേഴ്‌സണ്‍ മൂര്‍സ് വെറ്ററിനറി സ്‌പെഷലിസ്റ്റിലെ റെസിഡന്റ് ഡോക്ടറായിരുന്നു മരിച്ച ജോണ്‍. സാമ്പത്തികമായ പ്രശ്‌നങ്ങളും ഉറങ്ങാന്‍ കഴിയാത്ത ബുദ്ധിമുട്ടും തനിക്കുണ്ടെന്ന് ജോൺ അമ്മയോടു പറഞ്ഞിരുന്നു. 2022 നവംബര്‍ ആറിന് വൈകുന്നേരം ക്ലിനിക്കിലേക്ക് പോയതായിരുന്നു ജോൺ. ക്ലിനിക്കിലെത്തിയ ജോണ്‍, തന്റെ ഒരു സഹൃത്തിന്റെ നായയെ ദയാവധത്തിന വിധേയനാക്കാന്‍ മരുന്ന് എടുക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് അവിടുത്തെ നഴ്‌സിനോടു പറഞ്ഞിരുന്നു.
മരുന്ന് എടുത്ത ജോണ്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാല്‍, ആ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. അവര്‍ അവധിയാഘോഷിക്കുന്നതിനായി മറ്റൊരിടത്തേക്ക് പോയതായിരുന്നു. സുഹൃത്തിന്റെ വീട്ടിലെ ശുചിമുറിയില്‍വെച്ച് ജോണ്‍ മരുന്ന് സ്വയം കുത്തിവെക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നവംബര്‍ ഏഴിന് മരണം സംഭവിച്ചു. ജീവനൊടുക്കുന്നതിന് മുന്‍പേ ഇരുപങ്കാളികളെയും ജോണ്‍ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here