ലക്ഷദ്വീപ് സന്ദർശന വേളയിൽ ബംഗാരത്ത് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ദൻഘർ ‘നാനാത്വത്തിൽ ഏകത്വം’ എന്ന പ്രമേയത്തെ മുൻനിർത്തി ഭാരത് ഭവൻ ഒരുക്കിയ ദൃശ്യവിരുന്ന് കണ്ടാസ്വദിച്ച് പ്രത്യേക അനുമോദനം രേഖപ്പെടുത്തി.
സാംസ്കാരിക വൈവിദ്ധ്യങ്ങളുടെ രാജ്യമായ ഭാരതത്തിൽ കലാപൈതൃകങ്ങളാൽ സമ്പന്നമായ നാടാണ് കേരളമെന്ന് കലാസംഘത്തെ അഭിസംബോധന ചെയ്തത് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കലകളുടെ താള ദൃശ്യ തനിമകൾ മനോഹരമായി കൂട്ടിയിണക്കി ഭാരത് ഭവൻ ഒരുക്കിയ കലാവിഷ്കാരം നമ്മുടെ രാജ്യത്തിന്റെ മഹനീയ ദർശനത്തെയും സാംസ്കാരികമായ ഉണർവ്വുകളെയും പ്രകാശിപ്പിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സംസ്ഥാനങ്ങളുടെ കലകളിൽ, കേരളീയ ദൃശ്യതാളങ്ങൾക്ക് പ്രാമുഖ്യം നൽകി ഒരുക്കിയ കലാവിരുന്നിനൊടുവിൽ ആവേശത്തോടെ വേദിയിലെത്തിയ ഉപരാഷ്ത്രപതി ദൃശ്യാവിഷ്കാരത്തിന് ആശയവും സംവിധാനവും നിർവഹിച്ച സംവിധായകൻ ഡോ.പ്രമോദ് പയ്യന്നൂരിനെ വേദിയിലേക്ക് വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും ഉന്നത ഉദ്യോഗസ്ഥ സംഘവും ചടങ്ങിൽ സന്നിഹിതരായിരുന്നു. ദൃശ്യവിരുന്നിനു ശേഷം നടന്ന അനുമോദന ഭാഷണത്തെ തുടർന്ന്, എൺപതോളം വരുന്ന കലാസംഘങ്ങൾക്കൊപ്പം ഫോട്ടോ സെഷനിൽ പങ്കെടുത്തും, ഇടയ്ക്കയുടെ താളത്തിനൊപ്പം കലാസംഘവുമായി ചേർന്ന് സഹധർമ്മിണിയുടെ കൈകൾ ചേർത്ത് പിടിച്ച് നൃത്തം ചെയ്തതിനും ശേഷമാണ് ഉപരാഷ്ട്രപതി ശനിയാഴ്ച രാത്രി 8.45 ന് ബങ്കാരത്തെ ദൃശ്യാവതരണ വേദിയിൽ നിന്നും മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here