‘രാത്രിയില്‍ വലിയ ശബ്ദം, കട്ടിലുള്‍പ്പെടെ കുലുങ്ങി, കണ്‍മുന്നില്‍ വീടുകളും അയല്‍ക്കാരും വെള്ളത്തില്‍ ഒലിച്ചുപോയി’; സരോജിനിയമ്മയുടെ നടുക്കുന്ന വാക്കുകള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ നടുക്കം നമ്മളില്‍ നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല്. ഉരുള്‍പൊട്ടലുണ്ടായ ആ രാത്രി എന്താണ് സംഭവിച്ചതെന്ന് ഓര്‍ത്തെടുക്കുകയാണ് ഒരു ദൃക്‌സാക്ഷിയായ ഒരമ്മ . ചൂരല്‍മലയില്‍ താമസിക്കുന്ന സരോജിനി എന്ന അമ്മയാണ് ആ നടുക്കുന്ന അനുഭവത്തെ കുറിച്ച് ഓര്‍ത്തെടുത്തത്.

“രാത്രി ഒന്നര രണ്ട് മണിയോടെയാണ് ഒരു വലിയ ശബ്ദം കേട്ടത്. കട്ടിലൊക്കെ വലിയ രീതിയില്‍ കുലുങ്ങുന്നുണ്ട്. മരങ്ങളൊക്കെ വീഴുന്ന ശബ്ദവും ആളുകളുടെ നിലവിളികളുമെല്ലാം കേട്ടിരുന്നു. ഒരു പ്രത്യേക സ്‌മെല്ലും ആ സമയം ഉണ്ടായിരുന്നു. ആ സമയം ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മകന്‍ നാട്ടിലില്ല. പെട്ടന്ന് മകനെ വിളിച്ച് ഉരുള്‍പൊട്ടിയ വിവരം അറിയിച്ചു.

തുടര്‍ന്ന് നോക്കിപ്പോഴേക്കും വീടിനുള്ളിലെല്ലാം കലക്കവെള്ളം കയറി. വീടിന്റെ വാതിലൊന്നും തുറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. കട്ടിലിന്റെ മുകളില്‍ കയറി നിന്ന് നിലവിളിച്ചു. തുടര്‍ന്ന് കുറച്ചാളുകള്‍ എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചു. അങ്ങനെ എന്നെ ഉള്‍പ്പെടെയുള്ള കുറച്ച് ആളുകളെ അടുത്ത കാപ്പിത്തോട്ടതിലേക്കാക്കി. നേരം വെളുക്കുന്നതുവരെ മഴ നനഞ്ഞ് കാപ്പിത്തോട്ടത്തില്‍ കഴിഞ്ഞു.

തുടര്‍ന്ന് പിന്നീടും ഉരുള്‍പൊട്ടലുണ്ടായി. ആദ്യത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പലരും വീടിന്റെ ടെറസില്‍ കയറി നില്‍ക്കുകയായിരുന്നു. രണ്ടാമത്തെ ഉരുള്‍പൊട്ടലില്‍ എന്റെ വീടും അയല്‍വാസികളുള്‍പ്പെടെയുള്ളവരും ഒലിച്ചുപോയി. ആരെയും കാണാനില്ല. പലരെയും വിളിച്ച് നോക്കിയിട്ടും കണ്ടില്ല. കുറേ നേരം അവിടെ നിന്നെങ്കിലും ആരെയും കണ്ടില്ല. പിന്നീട് അവിടെ നിന്നും ക്യാമ്പിലേക്ക് മാറി.

ഇനി എന്നാണ് എനിക്കൊരു വീടുണ്ടാവുക ? എന്നെ സഹായിക്കാന്‍ മറ്റാരുമില്ല. ഇനി എന്ത് ചെയ്യുമെന്നും അറിയില്ല. ഇട്ടിരിക്കുന്ന തുണി അല്ലാതെ വേറൊന്നും എടുത്തിട്ടുമില്ല. ഇനി മറ്റുള്ളവര്‍ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍” – സരോജിനിയെന്ന അമ്മ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News