ചിന്നക്കനാൽ അനധികൃത ഭൂമി ഇടപാട്; മാത്യു കുഴൽനാടനെതിരെയുള്ള വിജിലൻസ് കേസിന്റെ വിശദാംശങ്ങൾ

ഇടുക്കി ജില്ലയിലെ ഉടുമ്പിൻ ചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടത്തി എന്നതാണ് മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെയുള്ള കേസിന് ആസ്പദമായ സംഭവം. മുൻ ഉടുമ്പൻ ചോല തഹസിൽദാർ പി കെ ഷാജി ഒന്നാം പ്രതിയായ കേസിൽ ആകെ 22 പ്രതികളാണുള്ളത്. പതിനേഴാം പ്രതിയാണ് മൂവാറ്റുപുഴ എംഎൽഎ കൂടിയായ മാത്യുകുഴൽ നാടൻ. ചിന്നക്കനാലിൽ പ്രവർത്തിക്കുന്ന കപ്പിത്താൻ ബംഗ്ലാവ് എന്ന റിസോർട്ട് വാങ്ങിയതിൽ മാത്യുകുഴൽ നാടനും ബിസിനസ് പങ്കാളികളും സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അഴിമതിയും ക്രമക്കേടും നടത്തി എന്നതാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ഇതിൻറെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ് കേസ് എടുത്തിരിക്കുന്നത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി 31 സാക്ഷികളുടെയും ഒന്നു മുതൽ 27 വരെയുള്ള കുറ്റാരോപിതയുടെയും മൊഴി രേഖപ്പെടുത്തുകയും 66 തെളിവ് രേഖകൾ പരിശോധിച്ചും റിസോർട്ട് ഉൾപ്പെടുന്ന സ്ഥലം സർവ്വേ നടത്തി റിപ്പോർട്ട് വാങ്ങിയും വസ്തു ഉൾപ്പെടുന്ന സർവ്വേ നമ്പറിൽ ഉപഗ്രഹ ചിത്രങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം നടത്തിയിട്ടുള്ളത്.

Also Read; “മാലപൊട്ടിച്ച് ഓടുന്ന കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ച”: വടകരയിലെ യുഡിഎഫിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍

വിജിലൻസിന് ലഭിച്ച മൊഴികളുടെയും കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിൽ ഈ കേസിന് രണ്ട് ഭാഗങ്ങൾ ആണുള്ളത്

1) 2012 മുതൽ 08-10-2020 വരെയുള്ള കാലയളവ് : 1964ലെ ഭൂപതിവ് ചട്ടപ്രകാരം ലഭിച്ച 4.28 ഏക്കർ ഭൂമി തീറാധാരം ചെയ്ത് തണ്ടപ്പേർ പിടിച്ച് കൈവശം വച്ചിരുന്ന ഉടമ സർക്കാർ പുറമ്പോക്ക് കൈയ്യേറിയിരുന്നു. അതിനെതിരെ ആരംഭിച്ച നടപടികൾ നിലനിൽക്കവേയാണ് ഉടമസ്ഥർ മറ്റു വ്യക്തികൾക്ക് വിറ്റഴിച്ചത്. ഇതിൽ റവന്യൂ, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരാണ്. അതിനുശേഷം നടത്തിയ നിർമ്മാണങ്ങൾക്ക് അനധികൃതമായി ലൈസൻസ് നൽകിയതിലും കുറ്റകരമായ നടപടികളുണ്ട്.

2) 19-10-2020 മുതൽ 05-04-2023 വരെയുള്ള കാലളവ് : ഈ കാലയളവിലാണ് പ്രസ്‌തുത ഭൂമി കുഴൽനാടൻ്റെയും സുഹൃത്തു ക്കളുടെയും ഉടമസ്ഥതയിലേയ്ക്ക് അനധികൃതമായി കൈമാറ്റം നടക്കുന്നത്. ഇതിലാകെ 27 പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അഞ്ചുപേർക്കെതിരെ വകുപ്പുതല നടപടികൾക്കും മറ്റ് 22 പേർക്കെതിരെ വിജിലൻസ് കേസുമായി മുന്നോട്ടുപോകാമെന്നാണ് വിജിലൻസിന്റെ ശിപാർശ.

അഴിമതി നിരോധനം 17 – എ പ്രകാരം മാത്യു കുഴൽനാടൻ ഉൾപ്പെടെ 9 പേർക്കെതിരെയാണ് കേസെടുക്കുന്നതിനുള്ള അനുമതി വിജിലൻസ് ആവശ്യപ്പെട്ടത്.

Also Read; കഴമ്പില്ലാത്ത കാര്യങ്ങൾ കുഴൽനാടൻ പ്രചരിപ്പിക്കുമ്പോൾ മാധ്യമങ്ങൾ അതിന് കൂട്ട് നിന്നു, മാധ്യമങ്ങൾക്കും കോടതി വിധി തിരിച്ചടിയാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേസിന്റെ വിശദാംശങ്ങൾ

●19-12-1965ൽ ചിന്നക്കനാൽ വില്ലേജിൽപ്പെട്ട 4.28 ഏക്കർ സ്ഥലം മാരിയപ്പത്തേവർ എന്നയാൾക്ക് പതിച്ചു കിട്ടി.

● 03-02-1992ൽ പ്രസ്‌തുത സ്ഥലം മൈനറായ മെറിൻ ടെസ് ജിമ്മിക്ക് വേണ്ടി പിതാവായ വെള്ളൂക്കുന്നേൽ ജിമ്മി സക്കറിയ എന്നയാൾ വിലയ്ക്കു വാങ്ങി തീറാധാരം ചെയ്ത് പോക്കുവരവ് ചെയ്ത് കരമടച്ച് വന്നിരുന്നു.

● വെള്ളൂക്കുന്നേൽ കുടുംബത്തിന് മേൽ 4.28 ഏക്കർ സ്ഥലം ഉൾപ്പെടെ 39ൽപ്പരം തണ്ടപ്പേരുകളിലായി ഉണ്ടായിരുന്ന 180 ഏക്കറോളം വരുന്ന ഭൂമി മിച്ചഭൂമിയിൽ ഉൾപ്പെട്ടുവരുന്നതാണെന്ന് കണ്ടെത്തുകയും കരമടവ് തടയുകയും ചെയ്തിരുന്നു.

● മിച്ചഭൂമി നടപടികളിലുൾപ്പെട്ട മേൽ ഭൂമിയുടെ ഉടമസ്ഥർ പലവിധത്തിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കരമടവ് പുനഃസ്ഥാപിക്കുന്നതിന് ശ്രമിക്കുകയും ഉടുമ്പൻചോല തഹസീൽദാർ 6-12-2012ന് നിയമവിരുദ്ധമായി കരമടവ് പുനഃസ്ഥാപിച്ചു നൽകുകയും ചെയ്തു‌.

● തുടർന്ന് മറ്റ് ഭൂമിയുടെയും തടസ്സങ്ങൾ നീക്കുന്നതിന് ഹൈക്കോടതിയിൽ കേസുകളുമായി നീങ്ങി. കോടതി നിബന്ധനകൾക്ക് വിധേയമായി 2020-21 മുതൽ കരമടവ് അനുവദിച്ചു. എന്നാൽ ഇത്തരം Suo-moto കേസിൽപ്പെട്ട ഭൂമികൾ കൈമാറ്റം ചെയ്യുന്നതിന് നാളിതുവരെ സാധിച്ചിട്ടില്ലാത്തതാണ്.

● വെള്ളൂക്കുന്നേൽ കുടുംബത്തിൻ്റെ കേസുകളിൽപ്പെട്ട മേൽപ്പറഞ്ഞ 4.28 ഏക്കർ വസ്‌തുവിൽ നിന്ന് 1.21 ഏക്കർ ഭൂമി 6 സർവ്വേ നമ്പറുകളിലായി ജന്നിഫർ അൽഫോൻസ് എന്നിവരുടെ പേരിൽ കൂടി കൈവശാനുഭവത്തിൽ ഇരിക്കുകയായിരുന്നു. ഇതിലുള്ള സർക്കാർ പുറമ്പോക്ക് ഭൂമിക്ക് Suo- moto കേസ് നിലനിൽക്കുമ്പോഴാണ് കൈമാറ്റങ്ങൾ ഉണ്ടായത്.

● ഇതിനൊപ്പം 53.5 സെൻ്റ് വരുന്ന സർക്കാർ പുറമ്പോക്ക് ഭൂമി 2014ൽ കൈയ്യേറി അതിര് തിരിച്ച് കൈവശപ്പെടുത്തുകയും ചെയ്തു. ഈ ഭൂമിയിൽ 19 സെൻ്റ് സ്ഥലത്ത് ഏകദേശം 4000 സ്ക്വയർഫീറ്റ് വിസ്‌തീർണം വരുന്ന ഒരു കെട്ടിടം പണിയുന്നതിന് 13-02-2014ൽ ബിൽഡിംഗ് പെർമിറ്റ് ലഭിച്ചു.

● അനധികൃത നിർമ്മാണം പൂർത്തിയാക്കി ഉദ്യോഗസ്ഥരുടെ സഹായത്തോടെ പെർമിറ്റിലുമധികമുള്ള അളവിൽ നിർ മ്മിച്ച് റിസോർട്ടാക്കി ജന്നിഫർ അൽഫോൻസ് നിർമ്മാണത്തിനും ബിസിനസിനുമായി 2015ൽ 2 കോടി 79 ലക്ഷം രൂപ വായ്‌പയെടുത്തു. ബാങ്ക് ഭൂമിയുടെ അന്നത്തെ വില കണക്കാക്കിയത് 3.25 കോടി രൂപയാണ്.

● ഇതിനിടെ, 700 ചതുരശ്ര അടി വിസ്‌തീർണ്ണമുള്ള മറ്റൊരു 3 നില കെട്ടിടവും 806 ചതുരശ്ര അടി വീതം വരുന്ന രണ്ട് ഇരുനില കെട്ടിടങ്ങളുടെയും നിർമ്മാണം അനധികൃതമായി ആരംഭിച്ചു.

● ഈ നിർമ്മാണത്തിന് നിയമസാധുത ഇല്ലാത്തതിനാലും വിവിധ കോടതി ഉത്തരവുകൾ നിലനിൽക്കുന്നതിനാലും പണി പൂർത്തിയായെങ്കിലും പെർമിറ്റ് ലഭിച്ചില്ല. വായ്‌പ തിരിച്ചടവ് മുടങ്ങി.

Suo-moto കേസിൽ മേൽ വസ്‌തു ഉൾപ്പെടുന്ന ഭൂമിയിൽ സർക്കാർ പുറമ്പോക്ക് കൈവശപ്പെടുത്തിയിരിക്കുന്നുവെന്നതിനാൽ ഭൂമി ഏറ്റെടുത്തുകൊണ്ട് ജില്ലാ കളക്‌ടർ ഉത്തരവായി.

● ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ഭൂമിയിൽ വിൽപ്പത്ര പ്രകാരം പൂർണ്ണ അവകാശം ജന്നിഫർ അൽഫോൻസയ്ക്ക് ലഭിച്ചു. ഭൂമി വിൽപ്പന നടത്തുന്നതല്ലാതെ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് മകളുടെ ഭർത്താ വിൻ്റെ സുഹൃത്തായ കുഴൻനാടനെ പരിചയപ്പെടുന്നത്.

● ഭൂമി വാങ്ങുന്നതിന് കുഴൽനാടൻ താൽപ്പര്യം അറിയിക്കുന്നു. തുടർന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തും കാവുങ്കൽ ഗ്രൈനൈറ്റ്സ് ഉടമയുമായ സാബു കുര്യാക്കോസുമായി ചേർന്ന് ഭൂമി വാങ്ങുവാൻ തീരുമാനിക്കുന്നു. ഇത് മക്കളുടെ പേരിലാണ് സാബു കുര്യാക്കോസ് വാങ്ങിയത്. 50% അവകാശം എംഎൽഎയ്ക്കും 25% വീതം മക്കൾക്കുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.

● 19-10-2020ൽ മാത്യു കുഴൽനാടൻ 1.21 ഏക്കർ ഭൂമി യുടെ അഡ്വാൻസായി ഒരു കോടി രൂപ ബാങ്ക് അക്കൗണ്ടി ലേയ്ക്ക് നൽകി. ഇതിന് ഒരു എഗ്രിമെന്റും ഉണ്ടായിരുന്നില്ല എന്നും പാർട്ടിയെ വിശ്വാസമുള്ളതുകൊണ്ടാണ് എഗ്രിമെന്റ് വയ്ക്കാതിരുന്നതെന്നുമാണ് എംഎൽഎയുടെ മൊഴി. എഗ്രിമെന്റ് തീയതി മുതൽ തന്നെ വസ്‌തു തങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നുവെന്നും പറയുന്നുണ്ട്.

● എന്നാൽ എഗ്രിമെൻ്റ് ഉണ്ടായിരുന്നുവെന്നുള്ള സൂചനയാണ് കൂട്ടുടമസ്ഥരായ രണ്ടു മക്കളും നൽകിയിട്ടുള്ളത്. 5 ലക്ഷം രൂപയാണ് അവർ അഡ്വാൻസായി നൽകിയതെന്ന് പറയുന്നു.

● ഈ എഗ്രിമെന്റ്റ് നിലനിൽക്കവേ, ഭൂമിയിൽ നിർമ്മാണങ്ങൾ പൂർത്തിയാക്കുകയും വസ്‌തുവിൽ ഉണ്ടായിരുന്ന സർക്കാർ ഭൂമിയിൽ നിർമ്മാണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.

● 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മാത്യു കുഴൽനാടനെ യുഡിഎഫ് നിശ്ചയിച്ച ശേഷം തിടുക്കത്തിൽ ഈ ഭൂമിയുടെ രജിസ്ട്രേഷൻ നടത്തിയതായി വിജിലൻസ് കണ്ടെത്തി.

● ഒരു കോടി രൂപ യാതൊരു ഗ്യാരൻ്റിയുമില്ലാതെ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേയ്ക്ക് നൽകിയതിലെ അപകടം തിരിച്ചറിഞ്ഞാകണം തിടുക്കത്തിൽ രജി‌സ്ട്രേഷൻ നടത്തിയത് എന്നുവേണം കരുതാൻ. ഒരു കോടി രൂപയുടെ സ്രോതസ്, മടക്കി കിട്ടിയാൽ വരുന്ന പ്രശ്നം എന്നിവയും കണക്കിലെടുത്തിട്ടുണ്ടാവാം.

● 19-03-2021ലാണ് നോമിനേഷൻ്റെ ഭാഗമായ ആസ്തി- ബാധ്യതാ സ്റ്റേറ്റ്‌മെൻ്റ് നൽകിയിരിക്കുന്നത്. (മുൻ തീയതി യിൽ തയ്യാറാക്കപ്പെട്ടതാകണം) പ്രസ്‌തുത സ്‌റ്റേറ്റ്‌മെൻ്റിൽ തനിക്ക് 50% മാത്രം (96,30,000 രൂപ) അവകാശമുള്ള, 18-03-2021ൽ മൂന്നുപേർ ചേർന്ന് 1,92,60,000 രൂപയ്ക്ക് വാങ്ങിയ ഈ ഭൂമിയുടെ വില 3,50,00,000 രൂപയാണ് നൽകി യിട്ടുള്ളത്. അതിന് അദ്ദേഹം നൽകിയ വിശദീകരണം ഇനി ചെയ്യാനുദ്ദേശിക്കുന്ന വികസനപ്രവർത്തനങ്ങൾ കൂടി കണക്കാക്കിയാണ് ഈ തുക നൽകിയത് എന്നാണ്. യഥാർത്ഥത്തിൽ cost of land at the time of purchase ആണ് നൽകേണ്ടത്.

● സ്റ്റേറ്റുമെന്റുമായി ഒത്തുനോക്കുമ്പോൾ അതിൽ ബിൽഡപ്പ് ഏരിയ 4000 സ്ക്വയർഫീറ്റുള്ള കെട്ടിടമാണ് കാണിച്ചിട്ടുള്ളത്. യഥാർത്ഥത്തിൽ ഭൂമിയിൽ അപ്പോൾ ഇതുൾപ്പെടെ 4 കെട്ടിടങ്ങൾ നിലവിലുണ്ട്.

● മറ്റൊരു പ്രധാന ക്രമക്കേട് കണ്ടത്. 2020ൽ 1.21 ഏക്കർ സ്ഥലത്തിന് അഡ്വാൻസ് വാങ്ങിയ ഭൂമിയിൽ ഉടമസ്ഥർ മറ്റു രണ്ട് പ്രമാണങ്ങൾ രജിസ്റ്റർ ചെയ്‌തുവെന്നതാണ്. 1.21 ഏക്കർ സ്ഥലത്ത് രണ്ട് അനധികൃത നിർമ്മാണങ്ങൾ നില നിന്ന 7 സെന്റ്റ് ഭൂമി കുറച്ചാണ് 18-03-2021ൽ പ്രമാണം ചെയ്തത്. അതായത് 1.14 സെൻ്റ് ഭൂമിയുടെ പ്രമാണം നട ന്നപ്പോൾ 1.21 ഏക്കർ ഭൂമി തനിക്ക് ഉണ്ടെന്നാണ് സ്റ്റേറ്റ് മെന്റിൽ കാണിച്ചിട്ടുള്ളത്.

● യഥാർത്ഥത്തിൽ ഈ 7 സെൻ്റ് സ്ഥലം 07-02-2022ൽ 18,84,000 രൂപ നൽകി വാങ്ങുകയാണ് ചെയ്യുന്നത്. ഇതെങ്ങനെ 19-01-2021ൽ നൽകിയ സ്റ്റേറ്റ്‌മെൻ്റിൽ മുൻകൂട്ടി എഴുതിച്ചേർത്തത് ക്രമക്കേടിന് മറ്റൊരു ഉദാഹരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News