മദ്യക്കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങി; ബീവറേജ് ഔട്ട്‌ലെറ്റ് ജീവനക്കാരനെ വിജിലൻസ് പിടികൂടി

കട്ടപ്പന ബീവറേജ് ഔട്ട്‌ലെറ്റിലെ ജീവനക്കാരില്‍നിന്നും അനധികൃതമായി സൂക്ഷിച്ച 85,000 രൂപ വിജിലന്‍സ് പിടികൂടി. മദ്യക്കമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡുകളുടെ വില്‍പ്പന കൂട്ടാന്‍ ജീവനക്കാര്‍ക്ക് നല്‍കിയ കൈക്കൂലി പണമാണിതെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ബുധനാഴ്ച രാത്രി വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

ചില മദ്യ ബ്രാന്‍ഡുകള്‍ കൂടുതലായി വില്‍ക്കുന്നതിന് കമ്പനികളില്‍നിന്ന് ജീവനക്കാര്‍ പാരിതോഷികം കൈപറ്റിയിരുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധന. അനീഷ് എന്ന ജീവനക്കാരന്റെ വാഹനത്തില്‍നിന്നാണ് പണം കണ്ടെത്തിയത്. പലര്‍ക്കും നല്‍കുന്നതിനായി കെട്ടുകളായി തിരിച്ച നിലയിലായിരുന്നു പണം.

കട്ടപ്പന ബിവറേജ് ഔട്ട്‌ലെറ്റിന്റെ ചാര്‍ജ് ഓഫീസറായ ജയേഷ് സ്വന്തം നിലയില്‍ ഒരു ജീവനക്കാരനെ ഔട്ട്‌ലെറ്റില്‍ അനധികൃതമായി നിയമിച്ചിരുന്നുവെന്നും പരിശോധനയില്‍ കണ്ടെത്തി. മദ്യക്കമ്പനികളില്‍ നിന്ന് ഫണ്ട് പിരിക്കുന്നതിനും അനധികൃത മദ്യക്കച്ചവടത്തിനുമാണ് ഇയാളെ ഔട്ട്‌ലെറ്റില്‍ നിയമിച്ചതെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

അതേസമയം, ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ട് പണം പിടികൂടാത്തതില്‍ നിലവില്‍ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News