അഴിമതിക്കേസില്‍ പ്രതിയായ വിജിലന്‍സ് ഡിവൈഎസ്‌പി അറസ്റ്റ് ഭയന്ന് മുങ്ങി. കൈക്കൂലി കേസില്‍ പ്രതിയായ വിജിലന്‍സ് ഡിവൈഎസ്‌പി വേലായുധന്‍ നായരാണ് വീട്ടിലെ വിജിലന്‍സ് റെയ്ഡിനിടെ മുങ്ങിയത്.
അനധികൃത സ്വത്ത് സമ്പാദനക്കേസിലെ പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി വേലായുധൻ നായർക്കെതിരെ വിജിലൻസ് കേസെടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഡിവൈ.എസ്.പിയുടെ കഴക്കൂട്ടത്തെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. എന്നാൽ പരിശോധനയ്ക്കിടെയാണ് ഡി.വൈ.എസ്.പി മുങ്ങിയത്. തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ യൂണിറ്റ്-രണ്ട് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
റെയ്ഡ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷമാണ് ഡിവൈഎസ്പി വേലായുധന്‍ നായര്‍ വീടിന്‍റെ പിന്‍വശത്തുകൂടി മുങ്ങിയതെന്ന് റെയ്ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയ റെയ്ഡ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. റെയ്ഡിനിടെ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. അതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷം വീടിന്റെ പിന്‍വശത്തേക്കുപോയ വേലായുധന്‍ നായരെ പിന്നീട് കാണാതായി.
വിജിലന്‍സ് സംഘവും കുടുംബാംഗങ്ങളും വ്യാഴാഴ്ച രാവിലെ വരെ തെരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് വിജിലന്‍സ് എസ്.പി കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേലായുധന്‍ നായര്‍ അറസ്റ്റ് ഭയന്ന് മുങ്ങിയതാണ് എന്ന നിഗമനത്തിലാണ് പൊലീസ്. പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിന് നിർണായകമായ തെളിവുകള്‍ ലഭിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here