കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ അഴിമതി കേസില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. പദ്ധതിയുടെ കരാര്‍ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിക്ക് കിട്ടാനായി അബ്ദുള്ളക്കുട്ടി ഇടപെട്ടത് സംബന്ധിച്ച രേഖകള്‍ വിജിലന്‍സിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ നീക്കം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി അബ്ദുള്ളക്കുട്ടിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍..
പദ്ധതി നടപ്പാക്കുന്ന സമയത്ത് കണ്ണൂര്‍ എംഎല്‍എ ആയിരുന്ന എപി അബ്ദുള്ളക്കുട്ടിയുടെ മൊഴി നേരത്തെ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മൊഴി. ഡിടിപിസിയില്‍ നിന്നുള്‍പ്പെടെ കസ്റ്റഡിയിലെടുത്ത രേഖകളില്‍ അബ്ദുള്ളക്കുട്ടിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായിട്ടാണ് സൂചനകള്‍.
സെന്റ് ഏയ്ഞ്ചലോസ് കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്ന പരാതിയില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പല ഉപകരണങ്ങളും സ്ഥാപിച്ചില്ലെന്ന് മാത്രമല്ല, ഉപയോഗിച്ച ഉപകരണങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഡിടിപിസി സെക്രട്ടറിയായിരുന്ന സജി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി തലശ്ശേരി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
3.8 കോടി രൂപ ചെലവിലായിരുന്നു 2016ല്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പദ്ധതി കണ്ണൂര്‍ കോട്ടയില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്. രണ്ട് വര്‍ഷത്തിന് ശേഷം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം ആരംഭിച്ചെങ്കില്ലും മാസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി നിലക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here