മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ-1 ൽ നിന്ന് തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും ബോളിവുഡിൽ താൻ പാടിയ ഗാനം വേറൊരാളെ വെച്ച് പാടിച്ചാണ് സിനിമയിലുപയോഗിച്ചെന്നും വിജയ് യേശുദാസ്.
പൊന്നിയിൻ സെൽവനിൽ അഭിനയിച്ച അനുഭവം അതിശയകരമായിരുന്നു എന്നാണ് താരം പറഞ്ഞത്. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ വഴിയാണ് വിജയ് പൊന്നിയിൻ സെൽവനിൽ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരൻ പറഞ്ഞിരുന്നെന്നും എന്നാൽ അത് തനിക്ക് കിട്ടുമോ എന്ന് അറിയില്ലായിരുന്നു എന്നുമാണ് വിജയ് യേശുദാസ് പറയുന്നത്.
ഒരിക്കൽ അദ്ദേഹം വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു. ഞാൻ നേരെ രാജാമുൻഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷൻ ടീമിൽ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാൻ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. വിക്രം സാറിനും കുതിരസവാരി രംഗം തന്നെയായിരുന്നു അന്നുണ്ടായിരുന്നത്.- വിജയ് വ്യക്തമാക്കി. എന്നാൽ സിനിമയിൽ തന്റെ രംഗങ്ങൾ ഒഴിവാക്കിയെന്നും അത് ധന ശേഖരനെ അസ്വസ്ഥനാക്കിയെന്നുമാണ് വിജയ് പറയുന്നത്.
അതേസമയം, താൻ പാടിയ ബോളിവുഡ് ഗാനം മറ്റൊരാളെവെച്ച് പാടിപ്പിച്ച അനുഭവവും അദ്ദേഹം പങ്കുവെച്ചു. “ഞാൻ പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഞാനൊരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ ഒരു ഗാനം റെക്കോർഡ് ചെയ്തുകൊണ്ടിരിക്കവേ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്ഷൻസിൽ നിന്ന് ഒരു ഫോൺകോൾ വന്നു.ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവെച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അവർ അറിയിച്ചത്. ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു, അതുകൊണ്ട് കുഴപ്പമില്ല എന്ന അവസ്ഥയിലായിരുന്നു ഞാൻ.” വിജയ് യേശുദാസ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here