നീതി തേടി വനിതാ ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയില്‍

ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചു.

ബിജെപി നേതാവായത് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്നുണ്ട് എന്ന് ഗുസ്തി താരം വിനേശ് ഫോഗട്ട് മാധ്യമങ്ങളോട് പറഞ്ഞു. പണത്തിന്റെയും അധികാരത്തിന്റയും ബലം ബ്രിജ് ഭൂഷണുണ്ട് എന്നും അവര്‍ ചൂണ്ടിക്കാട്ടി. സത്യം പുറത്ത് വരണമെന്നും ഗുസ്തി ഫെഡറേഷനില്‍ താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം ആവശ്യപെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്നും ഫോഗട്ട് പറഞ്ഞു.

മേല്‍നോട്ട സമിതിയുടെ അന്വേഷണവും റിപ്പോര്‍ട്ടും സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ പറഞ്ഞു. നീതി ലഭിക്കും വരെ രാപ്പകല്‍ സമരം തുടരും. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയടക്കം ഏഴുപേര്‍ പരാതി നല്‍കി 60 മണിക്കൂര്‍ കഴിഞ്ഞിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ദില്ലി പോലീസ് അന്വേഷണത്തില്‍ പ്രതീക്ഷയില്ലെന്ന് ബജ്‌റംഗ് പൂനിയ വ്യക്തമാക്കി. സമരം ആരംഭിച്ച ശേഷം സര്‍ക്കാരില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക്ക് പറഞ്ഞു.

ഞായറാഴ്ച ഉച്ചയ്ക്ക് ജന്തര്‍ മന്തറില്‍ ആരംഭിച്ച പ്രതിഷേധ സമരം പൊലീസിന്റെ എതിര്‍പ്പ് അവഗണിച്ച് രാത്രിയും തുടര്‍ന്നു. പിന്തുണയുമായി എത്തുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെ സ്വാഗതം ചെയ്യുമെന്ന് താരങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജനുവരിയില്‍ പ്രതിഷേധത്തില്‍ പിന്തുണയുമായി എത്തിയവരെ മടക്കി അയച്ചതില്‍ മാപ്പ് ചോദിക്കുന്നതായും താരങ്ങള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News