ഹരിയാനയിലെ ജുലാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. “സത്യം വിജയിച്ചു,” എന്നാണ് തൻ്റെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യ പ്രതികരണത്തിൽ വിനേഷ് ഫോഗട്ട് പറഞ്ഞത്. ഹരിയാന നിയമസഭയിൽ ഭരണകക്ഷിയായ ബിജെപിയുടെ ഭൂരിപക്ഷമായ 48 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോഴും കോൺഗ്രസ് 37 സീറ്റുകളിൽ എത്തിയാണ് വിനേഷ് ഫോഗട്ടിന്റെ വിജയം.
ഒക്ടോബർ അഞ്ചിനായിരുന്നു ഹരിയാനയിൽ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ബിജെപിയുടെ ക്യാപ്റ്റൻ യോഗേഷ് ബൈരാഗി, മുൻ സൈനിക ഉദ്യോഗസ്ഥൻ, ആം ആദ്മി പാർട്ടിയിൽ നിന്നുള്ള മുൻ പ്രൊഫഷണൽ ഗുസ്തി താരം കവിത ദലാൽ എന്നിവരെയാണ് വിനേഷ് ഫോഗട്ട് പരാജയപ്പെടുത്തിയത്.
ഇത്തവണത്തെ പാരിസ് ഒളിംപിക്സിൽ അയോഗ്യത നേരിട്ട വിനേഷ് ഫോഗട്ട്, ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിനാണ് കോൺഗ്രസിൽ ചേർന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥി പട്ടികയിൽ ഇവർ ഇടം നേടുകയും ചെയ്തു.
“ഞാൻ ഒരു പുതിയ ഇന്നിംഗ്സ് ആരംഭിക്കുകയാണ്. ഞങ്ങൾ കടന്നുപോയത് ഇനി ഒരു കായികതാരങ്ങളും അഭിമുഖീകരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു”, ഫോഗട്ട് പറഞ്ഞു. ബിജെപി എംപിയായിരുന്ന ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നീണ്ട പ്രതിഷേധത്തിന് കഴിഞ്ഞ വർഷം വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങൾ നേതൃത്വം നൽകിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here