തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം: സി വിജില്‍ വഴി ലഭിച്ചത് 1,07,202 പരാതികള്‍

ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സജ്ജമാക്കിയ സി വിജില്‍ മൊബൈല്‍ ആപ്പ് വഴി സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 1,07,202 പരാതികളെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ഇവയില്‍ അന്വേഷണത്തില്‍ ശരിയെന്ന് കണ്ടെത്തിയ 1,05,356 പരാതികളില്‍ നടപടി എടുത്തു. 183 പരാതികളില്‍ നടപടി പുരോഗമിക്കുന്നു.

തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 7 വരെയുള്ള കണക്കാണിത്. അനുമതിയില്ലാതെ പതിച്ച പോസ്റ്ററുകള്‍, സ്ഥാപിച്ച ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍, വസ്തുവകകള്‍ വികൃതമാക്കല്‍, അനധികൃത പണം കൈമാറ്റം, അനുമതിയില്ലാതെ വാഹനം ഉപയോഗിക്കല്‍, മദ്യവിതരണം, സമ്മാനങ്ങള്‍ നല്‍കല്‍, ആയുധം പ്രദര്‍ശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സി വിജില്‍ മുഖേന കൂടുതലായി ലഭിച്ചത്. അനുമതിയില്ലാത്ത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ച 93,540 പരാതികള്‍ ലഭിച്ചപ്പോള്‍ വസ്തുവകകള്‍ വികൃതമാക്കിയത് സംബന്ധിച്ച് 5,908 പരാതികള്‍ ഉണ്ടായി. നിര്‍ബന്ധിത വിവരങ്ങള്‍ രേഖപ്പെടുത്താത്ത പോസ്റ്ററുകള്‍ സംബന്ധിച്ച 2,150 പരാതികളും അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനെക്കുറിച്ച് 177 പരാതികളും ലഭിച്ചു. പണവിതരണം(29), മദ്യവിതരണം(32), സമ്മാനങ്ങള്‍ നല്‍കല്‍(24), ആയുധപ്രദര്‍ശനം(110), വിദ്വേഷപ്രസംഗം(19), സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍(10) തുടങ്ങിയവ സംബന്ധിച്ച പരാതികളും സി വിജില്‍ വഴി ലഭിച്ചു. പരാതികളില്‍ വസ്തുതയില്ലെന്ന് കണ്ട് 1,663 പരാതികള്‍ തള്ളി.

Also Read: കേന്ദ്ര സർക്കാർ ഏജൻസികളുടെ അധികാര മുഷ്കിന് മുന്നിൽ മുട്ടുമടക്കില്ല; സിപിഐഎം തൃശൂർ ജില്ലാ സെകട്ടറിയേറ്റ്

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച ഏതുതരം പരാതികളും അപ്പപ്പോള്‍ സി വിജില്‍(സിറ്റിസണ്‍സ് വിജില്‍) ആപ്ലിക്കേഷനിലൂടെ അയക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ആപ്പ് വഴി അയക്കുന്ന പരാതികളിന്മേല്‍ ഉടനടി നടപടി എടുക്കും. ചട്ടലംഘനങ്ങളുടെ ഫോട്ടോ, രണ്ടുമിനുട്ടില്‍ കൂടാത്ത വീഡിയോ എന്നിവ സഹിതം ചെറുകുറിപ്പോടെ നല്‍കുന്ന പരാതികള്‍ക്ക് 100 മിനുട്ടിനുള്ളില്‍ നടപടിയുണ്ടാവും.

സി വിജില്‍ ആപ്ലിക്കേഷന്‍ ഗൂഗില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാനാവും. ആയുധങ്ങള്‍ കൊണ്ടുനടക്കല്‍, ഭീഷണിപ്പെടുത്തല്‍, സമ്മാനങ്ങള്‍ വിതരണം ചെയ്യല്‍, മദ്യവിതരണം, പണം വിതരണം, പെയ്ഡ് ന്യൂസ്, ഡിക്ലറേഷനില്ലാത്ത പോസ്റ്ററുകള്‍, അനുമതിയില്ലാതെ പോസ്റ്ററും ബാനറും പതിക്കല്‍, വസ്തുവകകള്‍ നശിപ്പിക്കല്‍, വിദ്വേഷപ്രസംഗങ്ങള്‍, സന്ദേശങ്ങള്‍, റാലികള്‍ക്ക് പൊതുജനങ്ങളെ കൊണ്ടുപോകല്‍, വോട്ടെടുപ്പ് ദിവസം വോട്ടര്‍മാരെ കൊണ്ടുപോകല്‍, അനുവദിക്കപ്പെട്ട സമയപരിധി കഴിഞ്ഞ് സ്പീക്കര്‍ ഉപയോഗിക്കല്‍, അനുമതി കൂടാതെയുള്ള വാഹന ഉപയോഗം എന്നിവയൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ സി വിജില്‍ വഴി പരാതിപ്പെടാം.

Also Read: കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാർട്ടി; ഉപവാസ സമരത്തിൽ അണിനിരന്നത് ആയിരങ്ങൾ

സി വിജില്‍ വഴി അയക്കുന്ന പരാതികള്‍ ജില്ലാ കളക്ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമിലാണ് എത്തുക. പരാതികള്‍ ലഭിച്ച പ്രദേശങ്ങളില്‍ ആ സമയത്തുള്ള നിരീക്ഷണ സ്‌ക്വാഡുകള്‍ക്ക് ഉടന്‍ വിവരം കൈമാറും. പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 30 മിനുട്ടുകള്‍ക്കകം ഫീല്‍ഡ് സ്‌ക്വാഡ് വിവരം ജില്ലാതല കേന്ദ്രത്തിന് കൈമാറും. ഇതനുസരിച്ച് ജില്ലാതലത്തില്‍ നടപടിയെടുക്കേണ്ട വിഷയങ്ങളില്‍ ഉടന്‍ തന്നെ നടപടിയെടുക്കും. അല്ലാത്ത വിഷയങ്ങള്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസിന് കൈമാറുകയാണ് ചെയ്യുക. സ്വീകരിച്ച നടപടി ഉടന്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും. ഓരോ പരാതിയുടെയും നിലവിലെ സ്ഥിതി സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് മനസ്സിലാക്കുന്നതിനുള്ള സംവിധാനവും നിലവിലുണ്ട്.

ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ചു ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും. പരാതി അപ്ലോഡ് ചെയ്തു കഴിയുന്നതോടെ യുണീക് ഐഡി ലഭിക്കും. ഇതിലൂടെ പരാതിയുടെ ഫോളോഅപ്പ് മൊബൈലില്‍ തന്നെ ട്രാക്ക് ചെയ്യാന്‍ കഴിയും. പരാതിക്കാരന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ചട്ടലംഘനം നടന്ന സ്ഥലത്തു നേരിട്ട് പോയി എടുത്ത ചിത്രങ്ങള്‍ മാത്രമേ ആപ്പ് വഴി അയക്കാന്‍ സാധിക്കു. മറ്റുള്ളവര്‍ എടുത്തു കൈമാറി കിട്ടിയ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കില്ല. അതിനാല്‍ വ്യാജപരാതികള്‍ ഒഴിവാക്കാന്‍ കഴിയും. ചട്ടലംഘനം എന്ന പേരില്‍ വാട്ട്സാപ്പിലുടെയും മറ്റും കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ നിജസ്ഥിതി അറിയാതെ ആപ്പ് വഴി അയക്കുന്നതു തടയാനാണു സ്വന്തം ഫോണ്‍കാമറ വഴി എടുത്ത ചിത്രങ്ങള്‍ക്കു മാത്രമായി നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News