മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ ഒരു സ്ത്രീയടക്കം മൂന്ന് പേർ വെടിയേറ്റ് മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നാലോടെ കുകികൾക്ക് സ്വാധീനമുള്ള ഖാൻപോപി ജില്ലയുടേയും മെയ്തേയി വിഭാഗത്തിന് സ്വാധീനമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയ്ക്കും ഇടയിലാണ് വെടിവെപ്പുണ്ടായത്.
സൈനിക വേഷത്തിലെത്തിയ ഒരു സംഘം തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ ഖോകെൻ ഗ്രാമത്തിലെത്തിയ സംഘം ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മേയ്തേയി വിഭാഗമാണ് ആക്രമണത്തിന് പിന്നിലെന്ന് കുകി സംഘടനകൾ ആരോപിച്ചു.
ആക്രമണം കലാപകാരികൾ കാണിക്കുന്ന തികഞ്ഞ ധിക്കാരത്തിന്റെ മറ്റൊരു ഉദാഹരണമാണെന്നും കുറ്റക്കാർക്കെതിരെ വേഗത്തിലുള്ള നടപടി വേണമെന്നും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) ആവശ്യപ്പെട്ടു.
അതേസമയം, മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു.ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here