കൊടുത്താൽ തിരിച്ച് കിട്ടുമെന്നോർക്കണം എന്ന് കോഹ്‍ലി;താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ഗ്രൗണ്ടിന് പുറത്തേക്ക്

ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്റ്സ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തിനിടെയുണ്ടായ “വാക്കേറ്റങ്ങൾ ” കളിക്കളത്തിന് പുറത്തേക്കും എത്തുന്നു. ബാംഗ്ലൂരിന്റെ വിരാട് കോഹ്‍ലിയും ലക്നൗവിന്റെ അഫ്ഗാന്‍ താരം നവീനുൽ ഹഖും മെന്റർ ഗൗതം ഗംഭീറും തമ്മിലുള്ള ഏറ്റുമുട്ടൽ സമൂഹ മാധ്യമങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ വിഡിയോകൾ പങ്കുവെച്ചാണ് താരങ്ങളുടെ ”സൈബർ ഏറ്റുമുട്ടൽ ” തുടരുന്നത്. ബാംഗ്ലൂര്‍ ഡ്രസിംഗ് റൂമില്‍ വെച്ച് ചിത്രീകരിച്ച വിഡിയോയിൽ കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് ഓര്‍മ വേണം, ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്ന് കോഹ്‍ലി പറയുന്നു. മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിലെത്തി ജഴ്സി മാറുന്ന വിരാട് കോഹ്‍ലിയെ കാണിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.

സ്വീറ്റ് വിന്‍ ബോയ്സ്, സ്വീറ്റ് വിന്‍ എന്ന് പറഞ്ഞാണ് കോഹ്‍ലി സംഭാഷണം ആരംഭിക്കുന്നത്. പിന്നീട് കാമറയില്‍ നോക്കാതെ കൊടുത്താല്‍ തിരിച്ചു കിട്ടുമെന്ന് ഓര്‍മവേണമെന്നും ഇല്ലെങ്കില്‍ കൊടുക്കാന്‍ നില്‍ക്കരുതെന്നും പറയുന്നു. മത്സരശേഷം വാക്കേറ്റമുണ്ടായ ലക്നൗ മെൻ്റർ ഗൗതം ഗംഭീറിനെയാണ് ഇതിൽ ഉന്നമിടുന്നതെന്നാണ് സൂചന.

സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയും കോഹ്‍ലിയുടെ പ്രതികരിച്ചു. റോമന്‍ ചക്രവര്‍ത്തിയായിരുന്ന മാർകസ് ഒറേലിയസിന്‍റെ പ്രശസ്ത വാചകങ്ങള്‍ ഉപയോഗിച്ചായിരുന്നു താരത്തിൻ്റെ മറുപടി. ‘നമ്മള്‍ കേള്‍ക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്, വസ്തുതകള്‍ ആവണമെന്നില്ല, കാണുന്നതെല്ലാം കാഴ്ചപ്പാടുകള്‍ മാത്രമാണ്, സത്യമാവണമെന്നില്ല’ എന്നായിരുന്നു പ്രതികരണം.

ഇരു ടീമുകളും തമ്മിൽ ബാംഗ്ലൂരിൻ്റെ തട്ടകത്തിൽ നടന്ന മത്സരത്തിനിടയിൽ ലക്നൗ താരം കെയ്ല്‍ മയേഴ്സ് കോഹ്‍ലിയുമായി സംസാരിക്കുന്നതിനിടെ ലക്നൗ മെന്‍ററായ ഗൗതം ഗംഭീര്‍ മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് കോഹ്‍ലിയും ഗംഭീറും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. മുമ്പ് ബാംഗ്ലൂർ ആരാധകര്‍ക്ക് നേരെ തിരിഞ്ഞ് വായ് മൂടിക്കെട്ടാന്‍ ഗംഭീര്‍ ആംഗ്യം കാണിച്ചിരുന്നു.ഇതിന് മറുപടിയായി ലഖ്നൗവിൻ്റെ തട്ടകത്തിൽ സ്റ്റേഡിയത്തിൽ അതേ രീതിയിലുള്ള ആക്ഷൻ കാണിച്ചായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. ഇതാണ് മത്സരശേഷം ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പിന്നീട് വിരാട് കോഹ്‍ലിക്കും ഗൗതം ഗംഭീറിനും നവീനുല്‍ ഹഖിനും അച്ചടക്ക സമിതിയുടെ പിഴയും ശിക്ഷയും വന്നു. കോഹ്‍ലിയും ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും ലഖ്‌നൗവിന്റെ അഫ്ഗാന്‍ താരം നവീനുൽ ഹഖിന് 50 ശതമാനവുമാണ് പിഴ. താരങ്ങൾ ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നത് ചൂണ്ടിക്കാട്ടിയാണ് പിഴ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News