‘കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞു, തുടര്‍ന്ന് വെര്‍ച്വല്‍ അറസ്റ്റ്’; മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

എന്റെ കയ്യില്‍ നിന്നും ‘വെര്‍ച്വല്‍ അറസ്റ്റ്’ വഴി പണം തട്ടാന്‍ ശ്രമം നടന്നതായി വെളിപ്പെടുത്തി നടി മാലാ പാര്‍വതി. കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് പണം തട്ടാന്‍ ശ്രമിച്ചതെന്നും താരം പറഞ്ഞു.

മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോള്‍ വന്നത്. രാവിലെ 10 മണിക്കാണ് കോള്‍ വന്നത്. കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുന്നു എന്ന് പറഞ്ഞാണ് കോള്‍ വന്നത്. മുന്‍പും സമാനമായ നിലയില്‍ കൊറിയര്‍ തടഞ്ഞുവെച്ച സംഭവം ഉണ്ടായിട്ടുണ്ട്. യുകെയില്‍ നിന്ന് ഒരു ഉല്‍പ്പന്നം വരുത്തിയപ്പോള്‍ കസ്റ്റംസ് പിടിച്ചുവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്ന് പൈസ അടയക്കുകയായിരുന്നു. അതുകൊണ്ട് ഇതും സത്യമായിരിക്കുമെന്നാണ് കരുതിയത്. കോള്‍ ഉടന്‍ തന്നെ ഒരു കസ്റ്റമര്‍ കെയര്‍ കോളിലേക്ക് കണക്ട് ചെയ്തു. കസ്റ്റ്മര്‍ കെയറില്‍ വിക്രം സിങ് എന്ന ഒരു മനുഷ്യനാണ് കോള്‍ എടുത്തത്. ഇയാള്‍ വളരെ സൗമ്യനായാണ് സംസാരിച്ചത്. അപ്പോള്‍ പാഴ്സല്‍ പിടിച്ചുവെച്ചതിനെ കുറിച്ച് ഞാന്‍ ചോദിച്ചു. അപ്പോള്‍ ശരിയാണെന്ന് മറുതലയ്ക്കലില്‍ നിന്ന് പറഞ്ഞു. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തയ്വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്, അതില്‍ നിയമവിരുദ്ധ സാധനങ്ങളാണ് ഉള്ളതെന്ന് പറഞ്ഞു.

അന്ധേരിയിലെ നിന്നാണ് പാഴ്സല്‍ പോയിരിക്കുന്നത്. അഞ്ച് പാസ്പോര്‍ട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, 200 ഗ്രാം എംഡിഎംഎ, ലാപ്പ്ടോപ്പ് എന്നിവയാണ് ഉള്ളത്. ഞാന്‍ അയച്ചിട്ടില്ല എന്ന് പറഞ്ഞു. അപ്പോള്‍ നിരവധിപ്പേര്‍ ഇത്തരത്തില്‍ തട്ടിപ്പില്‍ വീണിട്ടുണ്ട്. വേണമെങ്കില്‍ പൊലീസുമായി കണക്ട് ചെയ്യാം എന്ന് പറഞ്ഞു. ഇതുകേട്ടതോടെ ഞാന്‍ ഒരുനിമിഷം സ്തംഭിച്ചു പോയി. അവിടെ പരാതി കൊടുത്തിടുന്നതാണ് നല്ലത് എന്നെല്ലാം പറഞ്ഞ് വിശ്വസിപ്പിക്കുന്ന തരത്തിലായിരുന്നു കോള്‍. തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണ് എന്ന് പറഞ്ഞ് ഒരു വാട്സ്ആപ്പ് കോളാണ് വന്നത്. പ്രകാശ് കുമാര്‍ ഗുണ്ടു എന്നയാള്‍ വിളിച്ചു. നിങ്ങളുടെ പേരില്‍ 12 സംസ്ഥാനങ്ങളില്‍ പല ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട്. ആയുധ ഇടപാട് നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഗൗരവമായാണ് പറഞ്ഞത്. വിശ്വസിപ്പിക്കാനായി ഐഡി കാര്‍ഡും അയച്ചു തന്നു. അതിനിടെ കോളില്‍ ഒരു ബ്രേക്ക് വന്നു. അപ്പോള്‍ ഞാന്‍ ഗൂഗിളില്‍ തിരഞ്ഞു. ഇതോടെ ഐഡി കാര്‍ഡില്‍ അശോക സ്തംഭം ഇല്ലാത്ത കാര്യം തിരിച്ചറിഞ്ഞു. ഈ സംശയമാണ് തട്ടിപ്പാണ് എന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. പിന്നീട് അവര്‍ വിളിച്ചിട്ടില്ല’- മാലാ പാര്‍വതി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News