യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഒടുവില്‍ വിവേക് രാമസ്വാമി പിന്‍മാറി, ഇനി പിന്തുണ ഈ നേതാവിന്

വരാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറി ഇന്ത്യന്‍ വംശജനായ വിവേക് രാമസ്വാമി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിച്ചിരുന്ന വിവേക് ഇനി ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കും. ആദ്യ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പായ അയോവ കോക്കസിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിവേകിന്റെ പിന്മാറ്റ പ്രഖ്യാപനം. അയോവ കോക്കസ് നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വിവേകിനെതിരേ ട്രംപ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വിവേകിനെ തട്ടിപ്പുകാരന്‍ എന്ന് വിശേഷിപ്പിച്ച ട്രംപ്, വിവേകിന് വോട്ട് ചെയ്യുന്നത് മറുപക്ഷത്തിന് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും വിമര്‍ശിച്ചു.

ALSO READ:  റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാറുകാര്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു

തെരഞ്ഞെടുപ്പുകളില്‍ 1215 പ്രതിനിധികളുടെ എങ്കിലും പിന്തുണ കിട്ടുന്നയാളാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അയോവ കോക്കസില്‍ ഡൊണാള്‍ഡ് ട്രംപാണ് വിജയിച്ചത്. 51 ശതമാനം വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. ഇതോട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വ സാധ്യതയില്‍ അദ്ദേഹം മുന്‍പന്തിയില്‍ എത്തുകയും ചെയ്തു. 7.7 ശതമാനം വോട്ടു നേടിയ വിവേകിന്, നാലാം സ്ഥാനത്തേ എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. മറ്റൊരു ഇന്ത്യന്‍ വംശജയായ നിക്കി ഹേലി മൂന്നാം സ്ഥാനത്തെത്തി. 19.1 ശതമാനം വോട്ടുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

ALSO READ: തൃശൂരിലെ ജനവാസമേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി; ഇത് രണ്ടാം തവണ

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വ മോഹത്തെ കുറിച്ച് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് തുറന്ന് സംസാരിച്ചത്. വരുന്ന നവംബറിലാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. ട്രംപ് മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ വൈസ് പ്രസിഡന്റായി മത്സരിക്കാനും വിവേക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. പാലക്കാട് നിന്ന് അമ്പത് വര്‍ഷം മുമ്പ് യുഎസിലേക്ക് കുടിയേറിയതാണ് വിവേകിന്റെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration