സ്വാമി വിവേകാനന്ദന്റെ 161-ാം ജന്മദിനമാണിന്ന്. ദേശീയ യുവജനദിനമായി രാജ്യം വിവേകാനന്ദസ്മരണ പുതുക്കുകയാണിന്ന്. കേന്ദ്രവും ബിജെപിയും വര്‍ഗീയതയെ കൂട്ടുപിടിച്ച് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ത്തമാനകാലത്ത് സ്വാമി വിവേകാനന്ദനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും പഠിക്കേണ്ടത് അനിവാര്യതയാണ്.
ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായി പിന്നീട് അറിയപ്പെട്ട കൊല്‍ക്കത്തയുടെ, വടക്കേ അറ്റത്തുള്ള സിമൂലിയിലാണ് അദ്ദേഹം ജനിച്ചത്. ഉയര്‍ന്ന സാമ്പത്തിക ശേഷിയും പാരമ്പര്യവുമുള്ള കുടുംബം. നരേന്ദ്രനാഥ് എന്നാണ് വിവേകാനന്ദന്റെ യാഥാര്‍ത്ഥ പേര്. അറിവും പാണ്ഡിത്യവും ബഹുഭാഷാ ജ്ഞാനവും ആര്‍ജ്ജിച്ച മതേതരവാദിയായ വിശ്വനാഥനായിരുന്നു പിതാവ്.
സ്വാമി വിവേകാന്ദനെ രൂപപ്പെടുത്തിയ രാഷ്ട്രീയസാമൂഹിക പശ്ചാത്തലം പരിഗണിക്കാതെ അദ്ദേഹത്തെകുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. കുട്ടിക്കാലത്ത് തന്നെ ധാരാളം വായിച്ചു. ശാസ്ത്രം, തര്‍ക്കശാസ്ത്രം, സംഗീതം, തത്വചിന്ത എന്നിവയില്‍ തല്‍പരനായിരുന്നു അദ്ദേഹം. ജാതിവിവേചനത്തിനെതിരെ ശബ്ദിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ബ്രഹ്‌മസമാചമടക്കമുള്ള പ്രസ്ഥാനങ്ങളായിരുന്നു.
Also Read: ഡ്രൈവര്‍മാര്‍ക്ക് വിശ്രമത്തിനുള്ള സൗകര്യമൊരുക്കാന്‍ കെടിഡിസി
ശ്രീരാമകൃഷ്ണപരമഹംസനുമായുള്ള അടുപ്പം വിവേകാനന്ദന്റെ ജീവിതത്തില്‍ വഴിത്തിരിവായി. എല്ലാമതങ്ങളും ഒരേ വൃക്ഷത്തിന്റെ ശാഖകളാണെന്ന് ശ്രീരാമകൃഷ്ണപരമഹംസന്‍ വിശ്വസിച്ചു. ‘നരേന്ദ്രദത്ത’ എന്ന വ്യക്തിയില്‍നിന്ന് സ്വാമി വിവേകാന്ദനിലേക്കുള്ള പരിണാമം ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായതോടുകൂടിയാണ്.
ശ്രീരാമകൃഷ്പരമഹംസരുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണക്കായി വിവേകാനന്ദനും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് ശ്രീരാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്. മതാതീതമായ മനുഷ്യപുരോഗതി എന്നായിരുന്നു സന്ദേശം. ജനസേവനമാണ് അതിന്റെ പ്രവര്‍ത്തനരീതി. കലാസാംസ്‌കാരികതത്വചിന്ത രംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ചും അനേകം പ്രഭാഷണം നടത്തിയും നവോത്ഥാന ദര്‍ശനങ്ങള്‍ പ്രചരിപ്പിച്ചു.
ധനികരും ദരിദ്രരരും, ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനികളും അദ്ദേഹത്തിന്റെ വേദികളിലെത്തി. ശാസ്ത്രബോധം പ്രചരിപ്പിച്ചു. കപടശാസ്ത്രത്തെ തുറന്നുകാട്ടി. ദാരിദ്ര്യത്തെയും നിരക്ഷരതയെയും എതിര്‍ത്തു. അതിന്റെ കാരണങ്ങളെയും തുറന്നുകാട്ടി. വേദാനന്തദര്‍ശനത്തില്‍ ആരംഭിച്ച് ആധുനിക സോഷ്യലിസ്റ്റ് സരണിയിലേക്ക് സഞ്ചരിച്ച ചിന്തയാണ് അദ്ദേഹത്തിന്റേത്.
ഞാനൊരു സോഷ്യലിസ്റ്റാണ് എന്ന് തുറന്നുപറയാന്‍ തയ്യാറായി. പുരോഹിതരുടെയും പട്ടാളക്കാരുടെയും വ്യാവസായികളുടെയും ഭരണം ലോകം കണ്ടതാണെന്നും ഇനി ഊഴം (ശൂദ്രര്‍ക്ക്) തൊഴിലാളികള്‍ക്കാണെന്നും തൊഴിലാളികള്‍ ഭരിക്കണമെന്നും അവരെ ആര്‍ക്കും തടയാനാവില്ലെന്നും പ്രഖ്യാപിച്ചു.
സ്വാമി വിവേകാനന്ദന്റെ ജന്മദിനം ഇന്ത്യയില്‍ ദേശീയ യുവജനദിനമാണ്. യുവത്വത്തിന്റെ ശക്തിയിലും സര്‍ഗ്ഗാത്മകതയിലും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചിരുന്നു. ധീരതയും സാഹസികതയും സഹിഷ്ണുതയും യുവതലമുറയ്ക്ക് വേണമെന്ന് വാദിച്ചു. ഇന്നത്തെ ഇന്ത്യന്‍ സാഹിചര്യത്തില്‍ ഈ കാഴ്ചപ്പാട് പ്രസക്തമാണ്. കേരളത്തിലെ യുവജനങ്ങള്‍ എക്കാലത്തും രാജ്യത്തിന് മാതൃകയാണ്. നവോത്ഥാനവും മതസഹിഷ്ണുതയും സാക്ഷരതയും സമഗ്രവികസനവും ജനകീയ വിദ്യാഭ്യാസവുമെല്ലാം കേരളത്തിന്റെ സവിശേഷതയാണ്. യുവത്വത്തിന് കേരളത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്.
പാശ്ചാത്യമിഷണറിമാരുടെയും ഭരണാധികാരികളുടെയും സ്വാധീനവും തദ്ദേശീയരായ സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും ഉന്നതചിന്തയിലൂന്നിയുള്ള പ്രബോധനങ്ങളുമാണ് കേരളീയനവോത്ഥാനത്തിന് തുടക്കംകുറിച്ചത്. അയ്യാവൈകുണ്ഠ സ്വാമിയും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയും മറ്റും തുടങ്ങിവച്ച കേരള നവോത്ഥാനത്തെ ജ്വലിപ്പിച്ചത് ഭാരതീയനവോത്ഥാനത്തിന്റെ വിപ്‌ളവോന്മുഖനായകന്‍ സ്വാമി വിവേകാനന്ദനാണ്.
അതുകൊണ്ടുതന്നെ കേരളീയ നവോത്ഥാനനേതാക്കളില്‍ വിവേകാനന്ദനും മുഖ്യപങ്കുണ്ട്. അദ്ദേഹത്തിന്റെ 1892ലെ കേരളസന്ദര്‍ശനവും കേരളത്തിലെ സാമുദായികസ്ഥിതിയെക്കുറിച്ചുള്ള വിമര്‍ശനാത്മക പരാമര്‍ശവുമാണ് കേരളീയ നവോത്ഥാനത്തെ ദ്രുതഗതിയിലാക്കിയത്. നാം ആദ്യം ആരാധിക്കേണ്ടത് ദേശത്തെ ജനങ്ങളെയാണ് എന്ന വിവേകാനന്ദന്‍ പ്രസ്താവന എക്കാലത്തും പ്രസക്തിയുള്ളതാണ്.
ജാതികൃതമായ എല്ലാ ഉച്ചനീചത്വങ്ങളെയും വിവേകാനന്ദന്‍ എതിര്‍ത്തു. കീഴ്ജാതിക്കാരെ ഉയര്‍ന്ന ജാതിക്കാര്‍ പീഡിപ്പിക്കുന്നതില്‍ അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി: ‘ഇതിനൊക്കെയുള്ള പരിഹാരം മേല്‍ജാതിക്കാരനെ അടിച്ചുശരിപ്പെടുത്തുകയല്ല, മറിച്ച് കീഴ്ജാതിക്കാരനെ കൂടുതല്‍ ഉയരങ്ങളിലേക്ക് പിടിച്ചുയര്‍ത്തുകയാണ്” എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here