വിവേകോദയം സ്‌കൂളിലെ വെടിവെപ്പ്; പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി എയര്‍ഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ്. ഐ എ എസിന് നിര്‍ദേശം നല്‍കി.

നഗര മധ്യത്തിലുള്ള വിവേകോദയം സ്‌കൂളില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പൂര്‍വ വിദ്യാര്‍ത്ഥി മുളയം സ്വദേശി ജഗനാണ് എയര്‍ ഗണ്ണുമായി ക്ലാസ് റൂമുകളില്‍ എത്തി വെടി ഉതിര്‍ത്തത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി പിന്നീട് പൊലീസ് സ്റ്റേഷനിലും ബഹളമുണ്ടാക്കി. പ്രതി രാവിലെ പത്തരയോടെ സ്‌കൂളിലെത്തുകയും ഒന്നാം നിലയിലുള്ള ക്ലാസ് റൂമുകളില്‍ കയറി വെടിയുതിര്‍ക്കുകയും ചെയ്തത്. ഒരു ക്ലാസില്‍ മൂന്ന് തവണയും തൊട്ടടുത്ത ക്ലാസില്‍ കയറി ഒരു തവണയും മുകളിലേക്ക് വെടിവച്ചു. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും വെടി പൊട്ടിയപ്പോള്‍ ഭയന്നതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

READ ALSO:വായു മലിനീകരണം: ദില്ലി – പഞ്ചാബ് സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി

സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിച്ചിരുന്ന ഇയാള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ പലതവണ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നതായും പറയുന്നു. തന്റെ തൊപ്പി വേണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് രാവിലെ സ്‌കൂളില്‍ എത്തിയത്. ക്ലാസ് റൂമുകളില്‍ നിന്നും ഇറങ്ങിയ ശേഷം സ്റ്റാഫ് റൂമിലെത്തിയ ഇയാള്‍ അധ്യാപകരെയും ഭീഷണിപ്പെടുത്തി. അധ്യാപകര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് അധ്യാപകര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ സ്‌കൂളിന്റെ പിന്‍വശത്തെ ഗേറ്റ് കടന്ന് ഓടുകയും പൊലീസ് പിന്നാലെയെത്തി ഇയാളെ പിടികൂടുകയുമായിരുന്നു.

READ ALSO:ക്യാമ്പസ് സിനിമ താള്‍; പ്രീ ലോഞ്ച് ഇവന്റും ഓഡിയോ റിലീസും നടന്നു

തൃശൂര്‍ ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ വെച്ചും ഇയാള്‍ ബഹളമുണ്ടാക്കി. തൃശൂര്‍ ഗണ്‍ ബസാറില്‍ നിന്നും 1800 രൂപയ്ക്ക് വാങ്ങിയ എയര്‍ഗണ്‍ ആണ് ഇതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടോയെന്നും ലഹരിക്കടിമയാണോ എന്നും പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News