കരയിലേക്ക് കപ്പലിനെ വരവേറ്റ് മുഖ്യമന്ത്രി, ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ വിഴിഞ്ഞത്ത് ആയിരങ്ങൾ

വി‍ഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പല്‍ ഷെന്‍ഹുവ 15നെ ഫ്ലാഗ് ഓഫ് ചെയ്‌ത് സ്വീകരിച്ച് മുഖ്യമന്ത്രി. ഷെൻ ഹുവ – 15 ചരക്കുകപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. വാട്ടർ സല്യൂട്ടോടെ ആയിരുന്നു കേരളം കപ്പലിനെ സ്വീകരിച്ചത്‌. മന്ത്രിമാരായ അഹമ്മദ്‌ ദേവർകോവിൽ, വി ശിവൻകുട്ടി, സജി ചെറിയാൻ, ആന്റണി രാജു, കെ എൻ ബാലഗോപാൽ, കെ രാജൻ, ജി ആർ അനിൽ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു. വിഴിഞ്ഞം പദ്ധതിക്കെതിരെ സമരത്തിലടക്കം പങ്കെടുത്ത്‌ പലതവണ രംഗത്തെത്തിയെങ്കിലും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും സ്വീകരണത്തിന്‌ എത്തിയിരുന്നു.

വിഴിഞ്ഞം തുറമുഖത്തിലൂടെ വ്യവസായ, നിക്ഷേപ രംഗത്ത്‌ അനന്ത സാധ്യത തുറക്കുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക, വ്യാവസായിക, വിനോദസഞ്ചാര രം​ഗങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുന്ന തുറമുഖം ഇന്ത്യയുടെ പുതിയ വാണിജ്യ കവാടമാകും. ദുബായ്, സിംഗപ്പുർ, കൊളംബോ  എന്നീ തുറമുഖങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയിലെ കണ്ടെയ്‌നർ വ്യവസായം ഇനി  കേരളത്തെ ആശ്രയിക്കും.

ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ക്രൂയിസ് ടൂറിസത്തിന്റെ വളർച്ച വിപുലമാക്കും. ക്രൂയിസ് ഷിപ്പുകളുടെയും ക്രൂ ചെയ്ഞ്ചിന്റെയും ​ഗുണഫലങ്ങൾ സംസ്ഥാനത്തിന്‌ ഉണ്ടാകും. വിഴിഞ്ഞത്തിനു സമീപത്തുള്ള അടിമലത്തുറയിൽ  ക്രൂയിസ് ടൂറിസം പദ്ധതിക്കും സർക്കാർ ആലോചിക്കുന്നുണ്ട്.

ALSO READ: ശ്വാസകോശ രോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തിന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here