വിഴിഞ്ഞം തുറമുഖത്തിന് ആഗോള നിക്ഷേപക മാപ്പില്‍ ഇടംനേടാന്‍ സഹായകമാകുന്ന ആദ്യത്തെ രാജ്യാന്തര കോൺക്ലേവില്‍ 20 നിക്ഷേപകരെങ്കിലും ധാരണാപത്രം ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ വകുപ്പുമന്ത്രി പി രാജീവ് പറഞ്ഞു. ജനുവരി 28, 29 തീയതികളില്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ‘വിഴിഞ്ഞം കോണ്‍ക്ലേവ് 2025’ല്‍ 300 പ്രതിനിധികളും അന്‍പതിലധികം നിക്ഷേപകരും പങ്കെടുക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള തുറമുഖങ്ങളുമായി ബന്ധപ്പെട്ട് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള കമ്പനികളുടെ പ്രതിനിധികളുടെ പങ്കാളിത്തം കോണ്‍ക്ലേവില്‍ ഉറപ്പാക്കിയിട്ടുണ്ട്.
തുറമുഖാനുബന്ധ വ്യവസായങ്ങള്‍ക്കൊപ്പംതന്നെ മറ്റ് മേഖലകളിലേക്കുകൂടി നിക്ഷേപം സമാഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിന് ഈ കോണ്‍ക്ലേവിലൂടെ സാധിക്കും. ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ കെഎസ്‌ഐഡിസി, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന ‘വിഴിഞ്ഞം കോൺക്ലേവ് 2025, ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ്’ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടനം ചെയ്യുക.
ALSO READ; അക്ഷരസ്‌നേഹികള്‍ക്കും പുസ്തപ്രേമികള്‍ക്കും സന്തോഷിക്കാം; പുസ്തകോത്സവത്തിന് നിയമസഭ ഒരുങ്ങി
തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് എന്നിവര്‍ പങ്കെടുക്കും. വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാകുന്നതിനൊപ്പം അതോടനുബന്ധിച്ചുള്ള വ്യാവസായിക സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വിഷയങ്ങളിലുള്ള പാനല്‍ ചര്‍ച്ചകള്‍, വ്യവസായ രംഗത്തെ ഐക്കണുകള്‍ പങ്കെടുക്കുന്ന ഫയര്‍സൈഡ് ചാറ്റുകള്‍, പ്രസന്റേഷനുകള്‍ എന്നിവ കോണ്‍ക്ലേവിന്റെ ഭാഗമാണ്. കേരളത്തിനകത്തുള്ള കമ്പനികൾ, സ്റ്റാർട്ടപ്പുകള്‍ തുടങ്ങിയവയുടെ നിക്ഷേപ സാധ്യതകളും കോണ്‍ക്ലേവില്‍ വിശകലനം ചെയ്യും. നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നവർക്ക് മാർഗനിർദ്ദേശം നൽകുന്ന സെഷനുകൾ, ബിസിനസ് ലീഡർമാരുമായി പ്രതിനിധികൾക്ക് നേരിട്ട് സംവദിക്കാനുള്ള അവസരം എന്നിവ കോണ്‍ക്ലേവിന്റെ പ്രത്യേകതകളാണ്.
സംസ്ഥാനത്ത് വലിയതോതിൽ നിക്ഷേപം കൊണ്ടുവരുന്നതിനൊപ്പം തുറമുഖം നേരിട്ട് ഒരുക്കുന്നതിന്റെ പതിന്മടങ്ങ് തൊഴില്‍സാധ്യതകളാണ് അനുബന്ധവ്യവസായങ്ങളിലൂടെ ഉണ്ടാകുക. ഇതേപ്പറ്റി പ്രാദേശിക സമൂഹങ്ങളെ ബോധവൽക്കരിക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്ന മാതൃകയാക്കി വിഴിഞ്ഞത്തെ വളർത്തിയെടുക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് കോൺക്ലേവിൽ തുടക്കമാകും.
ALSO READ; ഉജ്ജ്വല ബാല്യവും കടന്ന് കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്
കോണ്‍ക്ലേവിനു മുന്നോടിയായി തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ നേതൃത്വത്തിലും അദാനി വിഴിഞ്ഞം പോര്‍ട്സിന്റെ ആഭിമുഖ്യത്തിലും ‘ട്രിവാന്‍ഡ്രം സ്പീക്സ്’ എന്ന പേരില്‍ രണ്ട് പരിപാടികള്‍ വരുംദിവസങ്ങളില്‍ സംഘടിപ്പിക്കുന്നുണ്ട്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എം.ഡി എസ്. ഹരികിഷോര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ഹരികൃഷ്ണന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here