സിംഗപ്പൂർ എന്ന ചെറുരാജ്യത്തെ വികസിതമാക്കിയതിൽ പ്രധാന പങ്കുവഹിച്ചത് അവിടുത്തെ തുറമുഖമായിരുന്നു. ഇപ്പോഴും ആ രാജ്യത്തിന് മുകളിലൂടെ വിമാനയാത്ര ചെയ്യുന്നവർക്ക്, തുറമുഖത്തേക്ക് അടുക്കാൻ കാത്തുകിടക്കുന്ന വമ്പൻ ചരക്കുകപ്പലുകളുടെ നീണ്ട നിര കാണാം. ഇവിടെ നമ്മുടെ കേരളത്തിന്‍റെ തലവര മാറ്റാൻ പോകുന്ന ഒന്നായി വിഴിഞ്ഞം തുറമുഖം മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ജൂലൈ 11ന് ട്രയൽ റൺ ആരംഭിച്ച വിഴിഞ്ഞം തുറമുഖത്ത് ഇതിനോടകം എത്തിയ കപ്പലുകളുടെ എണ്ണം 100 കഴിഞ്ഞു. ക്രിസ്മസ് ദിനത്തിലാണ് വിഴിഞ്ഞത്ത് നൂറാമത്തെ കപ്പൽ എത്തിയത്. ഡിസംബർ 27 വരെ 102 കപ്പലുകളാണ് വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞത്തെ ചരക്കുനീക്കം രണ്ടുലക്ഷം ടൺ എന്ന നേട്ടവും കൈവരിച്ചു. ഇപ്പോൾ തന്നെ ലോകത്തെ വിവിധ തുറമുഖങ്ങളിൽനിന്നായി ഏഴ് കപ്പലുകൾ വിഴിഞ്ഞത്തേക്കുള്ള യാത്രയിലാണ്.
ക്രിസ്മസ് ദിനത്തിൽ വിഴിഞ്ഞത്ത് എത്തിയ നൂറാമത്തെ കപ്പലിനെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഡിസംബർ മൂന്ന് മുതലാണ് വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയത്. 22 ദിവസത്തിനുള്ളിൽ 30 കപ്പലുകളാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. വിഴിഞ്ഞ തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന കൊമേഴ്‌സ്യൽ ഓപ്പറേഷന്‍ ഉദ്‌ഘാടനം പുതുവർഷത്തിൽ നടക്കും.
ALSO READ: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന് വിട നല്‍കി രാജ്യം
പുതിയ ലോക്കേഷൻ കോഡ് രണ്ടാഴ്‌ച മുമ്പ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചിരുന്നു. ഇന്ത്യ, തിരുവനന്തപുരം ജില്ല എന്നിവയുടെ ചുരുക്കെഴുത്ത് ചേർത്ത് IN TRV 01 എന്ന കോഡാണ് വിഴിഞ്ഞം തുറമുഖത്തിന് ലഭിച്ചത്.
ഒട്ടേറെ സവിശേഷതകളാണ് വിഴിഞ്ഞ തുറമുഖത്തിനുള്ളത്. തീരത്തോട് ചേർന്ന് നല്ല ആഴമുള്ളതിനാൽ വൻ കപ്പലുകൾക്കും തുറമുഖത്ത് നങ്കൂരമിടാനാകുമെന്നതാണ് ഇതിൽ പ്രധാനം. അതിനാൽ വിഴിഞ്ഞം പ്രകൃതിദത്ത തുറമുഖമായാണ് അറിയപ്പെടുന്നത്. കൂടാതെ അന്താരാഷ്ട്ര കപ്പൽ പാതയോട് ചേർന്ന് കിടക്കുന്നുവെന്നതാണ് വിഴിഞ്ഞത്തിന് വലിയ സാധ്യത കൽപ്പിക്കാനുള്ള മറ്റൊരു കാരണം. ഇതുകൊണ്ടുതന്നെ സൂയസ് കനാലിലൂടെ ഒരുവർഷം കടന്നുപോകുന്ന ഏകദേശം 20,000 കപ്പലുകളിൽ 50% എങ്കിലും വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ തന്നെ തെക്കേയിന്ത്യയിലേക്കുള്ള ചരക്കുമായി കൊളംബോയിൽ നങ്കൂരമിടുന്ന വൻ കപ്പലുകളിൽ ചിലത് വിഴിഞ്ഞത്തേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. വിഴിഞ്ഞം പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുന്നതോടെ, കൊളംബോ, ദുബായ്, സിംഗപ്പുർ തുടങ്ങിയ ലോകത്തെ തന്നെ വലിയ തുറമുഖങ്ങൾക്കൊപ്പം നിൽക്കുന്ന രീതിയിലേക്ക് നമ്മുടെ കൊച്ചുകേരളത്തിലെ ഈ തുറമുഖവും മാറും.
വമ്പൻ വരുമാനം ഉറപ്പുവരുത്താനും വിഴിഞ്ഞം തുറമുഖം സഹായിക്കുമെന്ന് ഉറപ്പാണ്. ഇത് കേരളത്തിൻ്റെ മാത്രമല്ല, രാജ്യത്തിന്‍റെയാകെ വരുമാനം വർദ്ധിപ്പിക്കാനും, വലിയ തോതിലുള്ള വികസനം കൊണ്ടുവരാനും സഹായിക്കും. വിഴിഞ്ഞം പൂർണതോതിൽ പ്രവർത്തിക്കുന്നതോടെ ചരക്കുനീക്കത്തിലൂടെ രാജ്യത്തിന് പ്രതിവർഷം 100 മില്യൺ യുഎസ് ഡോളറിലധികം ലാഭിക്കാനാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here