ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയുമായി ഡിവൈഎഫ്ഐ. ഹൃദയപൂർവ്വം പദ്ധതിയെ അധിക്ഷേപിച്ചത് സാധാരണക്കാരെ അധിക്ഷേപിച്ചതിന് തുല്യമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.
ഡിവൈഎഫ്ഐയെ ആക്ഷേപിക്കാനാണ് ബിജെപിയുടെ ശ്രമം. ഡിവൈഎഫ്ഐയുടെ ഹൃദയപൂർവ്വം പദ്ധതി ലക്ഷക്കണക്കിന് പേരുടെ ആശ്രയമാണ്. പക്ഷേ കെ സുരേന്ദ്രന് ഭക്ഷണ പദ്ധതികൾ തടയുന്ന ശീലം മാത്രമാണുള്ളത്. രാജ്യത്തെ പട്ടിണി എങ്ങനെ മാറ്റാം എന്നല്ല എങ്ങനെ കൂട്ടാം എന്നതാണ് ബിജെപിയുടെ ശ്രമം എന്നും വി.കെ.സനോജ് പറഞ്ഞു.
സാധാരണക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ് സുരേന്ദ്രന്റെ പ്രസ്താവന. സ്വന്തം മകൻറെയും കുടുംബത്തിന്റെയും താൽപര്യം സംരക്ഷിക്കാൻ പിൻവാതിൽ നിയമനം നടത്തുന്ന സുരേന്ദ്രൻ ഡിവൈഎഫ്ഐ അധിക്ഷേപിക്കാൻ വരേണ്ട. അതിന് കനത്ത വില നൽകേണ്ടിവരുമെന്നും വി.കെ.സനോജ് പറഞ്ഞു.
പ്രധാനമന്ത്രിയോട് 100 ചോദ്യം ചോദിച്ചതിനാണ് സുരേന്ദ്രൻ പ്രകോപിതനായത്. സുരേന്ദ്രന്റെ ഒരു സർട്ടിഫിക്കറ്റും കേരളത്തിലെ ഡിവൈഎഫ്ഐക്ക് ആവശ്യമില്ല. ഡിവൈഎഫ്ഐയെ ഉപദേശിക്കാൻ സുരേന്ദ്രൻ വരേണ്ടാ എന്നും സനോജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here