യൂത്ത് കോൺഗ്രസിന്റെ വ്യാജ പ്രസിഡന്റിന് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മനോനിലയിൽ കാര്യമായ തകരാറുകൾ കണ്ട് തുടങ്ങി എന്ന് വേണം അനുമാനിക്കാനെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. “ഡി.വൈ.എഫ്.ഐക്കാർ നടത്തുന്ന പൊതിച്ചോറിനെ കുറിച്ചൊക്കെ വാചാലരാകുന്ന പ്രസംഗങ്ങൾ വളരെ വേദനയോട് കൂടി കേൾക്കുന്ന യൂത്ത് കോൺഗ്രസിന്റെ ഒരു പ്രവർത്തകനാണ് ഞാൻ… പൊതിച്ചോർ വിതരണത്തിന് പിന്നിലൂടെ നടക്കുന്ന അനാശാസ്യ നിയമ വിരുദ്ധ ഏർപ്പാടുകളെ കുറിച്ച് ഈ വേദിയിൽ നിന്ന് കൊണ്ട് ഞാൻ പറയുന്നില്ല” എന്നാണ് യൂത്ത് കോൺഗ്രസ് പരിപാടിയിലെ പ്രസംഗ വേദിയിൽ വച്ച് അദ്ദേഹം പറഞ്ഞതെന്നും വി കെ സനോജ് പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺഗ്രസ് വ്യാജ പ്രസിഡന്റ് അവരുടെ വേദിയിൽ വച്ച് ഡി.വൈ.എഫ്.ഐക്കെതിരെ നടത്തിയ മണ്ടത്തരങ്ങളോട് തങ്ങൾക്ക് ഒന്നും പറയാനില്ല. ഡി.വൈ.എഫ്.ഐ കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തെമ്പാടും നടത്തിയ പ്രവർത്തനങ്ങൾ എന്തെന്നറിയാൻ ഡി.വൈ.എഫ്.ഐയുടെ സോഷ്യൽ മീഡിയ പേജ് മാത്രം നോക്കിയാൽ മതി. രാഹുൽ ഗാന്ധി ചായക്കടയിൽ പോയതും, ബോണ്ട തിന്നതും, മുട്ട പഫ്സ് തിന്നതും അമ്പലത്തിൽ കയറിയതുമൊക്കെ പോലുള്ള അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്ന യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ പേജും ഡി.വൈ.എഫ്.ഐ സോഷ്യൽ മീഡിയ പേജും ജനങ്ങൾ പരിശോധിക്കട്ടെ എന്ന് മാത്രമാണ് അതിനുള്ള ഉത്തരമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് കുടുംബങ്ങളിൽ നിന്നടക്കമുള്ള അനേകം മനുഷ്യർ ഡി.വൈ.എഫ്.ഐ പൊതിച്ചോറുമായി സഹകരിക്കുന്നുണ്ട്. സ്വന്തം സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആകാൻ പോലും രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന സുപ്രധാന തിരിച്ചറിയൽ രേഖയായ ഐഡി കാർഡ് പോലും ലക്ഷക്കണക്കിന് വ്യാജമായി നിർമ്മിക്കേണ്ടി വന്ന ഒരുത്തനാണ് ലക്ഷക്കണക്കിന് മനുഷ്യർ അങ്ങേയറ്റത്തെ മാനവിക മൂല്യങ്ങളോടെ ഒരിക്കലും കാണാത്ത മനുഷ്യരുടെ വിശപ്പകറ്റാൻ സന്തോഷത്തോടെ നൽകുന്ന പൊതിച്ചോറിനെ അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എങ്ങനെയെങ്കിലും വാർത്തയിൽ നിറയുക എന്ന ശരാശരി കോൺഗ്രസ് ബുദ്ധി ആണെങ്കിൽ നാലാൾ കൂടുന്നിടത്ത് പഴയ പോലെ മുണ്ട് പറിച്ച് ഓടുന്നതാണ് കൂടുതൽ നന്നാകുകയെന്നും അതാണെങ്കിൽ താങ്കൾക്ക് എക്സ്പീരിയൻസുള്ള പരിപാടി കൂടിയാണല്ലോയെന്നും വി കെ സനോജ് തന്റെ ഫേസ്ബുക്ക് പേജിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here