പുതിയ വ്യവസായയുഗത്തിന് കേരളത്തിലെ സഹകാരികൾ സജ്ജരാകണമെന്ന് മന്ത്രി വി. എൻ. വാസവൻ

പുതിയ വ്യവസായയുഗം സൃഷ്ടിക്കപ്പെടുമ്പോൾ അതിലേക്കു കടന്നുവരുന്ന നൂതനാശയങ്ങൾ, സാങ്കേതികവിദ്യകൾ, സാമൂഹികപ്രത്യാഘാതങ്ങൾ എന്നിവ സംബന്ധിച്ച് ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകൾ വികസിപ്പിക്കണമെന്ന് സഹകരണമന്ത്രി വി. എൻ. വാസവൻ .കേരളത്തിന്റെ പുരോഗതിക്ക് അനുയോജ്യമായ മികച്ച അന്താരാഷ്ട്രമാതൃകകൾ കണ്ടെത്താനും പുത്തൻ കാഴ്ചപ്പാടുകൾ വികസിപ്പിക്കാനും ശ്രമിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാലുദിവസത്തെ രാജ്യാന്തര സഹകരണസമ്മേളനം യു‌എൽ സൈബർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അതിനു കഴിയുമാറ് അന്താരാഷ്ട്ര സഹകരണസമ്മേളനം ആസൂത്രണം ചെയ്ത ഊരാളുങ്കൽ സൊസൈറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.

‘അടുത്ത വ്യവസായവിവത്തിൽ സഹകരണമേഖല’ എന്ന വിഷയത്തിൽ രാജ്യാന്തരസെമിനാറും ഉപസെമിനാറുകളും ആയിരുന്നു ആദ്യദിവസം. ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെ ഏഷ്യ-പസഫിക് ഗവേഷണസമ്മേളനവും യുവസംരംഭകർക്കും ഗവേഷകർക്കുമുള്ള ശില്പശാലകളും ഇനിയുള്ള മൂന്നു ദിവസം കോഴിക്കോട് ഐഐ‌എമ്മിൽ നടക്കും. സഹകരണസ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്ന തത്വം കേരളത്തിലെ സംഘങ്ങൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്രസെമിനാറിന്റെ മുഖ്യവിഷയം അവതരിപ്പിച്ച മുൻ‌മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. സഹകരണസ്ഥാപനങ്ങൾ തമ്മിൽ സമ്പത്തിന്റെയും വിഭവങ്ങളുടെയും ഏകോപനം, സാങ്കേതിക ഏകോപനം, നിർവ്വഹണാനുഭവങ്ങളുടെ പങ്കിടൽ എന്നിവ നടക്കണമെന്നും സഹകരണസ്ഥാപനങ്ങൾക്ക് വിഭവവും സാങ്കേതികവൈദഗ്ദ്ധ്യവും എങ്ങനെ ലഭ്യമാക്കാമെന്നും അതിനുള്ള സംഘടനാരൂപം എന്തായിരിക്കണമെന്നുമുള്ള പ്രഖ്യാപനം സമ്മേളനത്തിൽ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ. വി. കെ. രാമചന്ദ്രൻ പ്രത്യേകപ്രഭാഷണവും കോഴിക്കോട് ഐഐ‌എം ഡയറക്ടർ പ്രൊഫ. ദേബാഷിഷ് ചാറ്റർജി മുഖ്യപ്രഭാഷണവും നടത്തി.

‘അന്താരാഷ്ട്രസഹകരണവർഷം 2025: പൊതുദർശനവും പ്രസക്തിയും’ എന്ന വിഷയം ഐസി‌എ ഏഷ്യ – പസഫിക് റീജ്യണൽ ഡയറക്റ്റർ ബാലസുബ്രഹ്മണ്യൻ അയ്യർ അവതരിപ്പിച്ചു. ഐ‌എൽ‌ഒ എന്റർപ്രൈസ് ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റ് ഭാർതി ബിർള വിഷയാധിഷ്ഠിതപ്രഭാഷണം നിർവ്വഹിച്ചു. ഇന്ത്യൻ സഹകരണസ്ഥാപനങ്ങളിൽ നാഷണൽ കോ-ഓപ്പറേറ്റീവ് യൂണിയന്റെ പങ്കിനെപ്പറ്റി എൻസിയു‌ഐ ചീഫ് എക്സിക്യൂട്ടീവ് ഡോ. സുധീർ മഹാജൻ സംസാരിച്ചു. ‘അടുത്ത വ്യവസായവിപ്ലവത്തിൽ കാർഷികസംഘങ്ങൾ’ എന്ന വിഷയം നെതർലാൻഡ്സിലെ കാർഷികസ്ഥാപനമയ അഗ്രിഗേഡിന്റെ ഡയറക്ടർ സീസ് വാൻ റിച്ചും ’21-ആം നൂറ്റാണ്ടിൽ സഹകരണപ്രസ്ഥാനങ്ങളുടെ പങ്ക്’ മോന്ദ്രാഗൺ കോർപ്പറേഷന്റെ കോ-ഓപ്പറേഷൻ ഡിസെമിനേഷൻ മുൻ ഡയറക്ടർ മീക്കെൽ ലെസാമിസും അവതരിപ്പിച്ചു. മുൻ മന്ത്രി എം. കെ. മുനീർ, കലക്ടർ സ്നേഹിൽ കുമാർ സിങ്, ലേബർ കോഓപ്പറേറ്റീവ് ഫെഡറേഷൻ ഓഫ് ഇന്ത്യ എംഡി വി. കെ. ചൗഹാൻ, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലര്‍ ഡോ. സജി ഗോപിനാഥ്, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എൻ. എം. ഷീജ, കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ്, കേരളാ കോഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ ഫെഡറേഷൻ ചെയർപേഴ്‌സൺ കെ. കെ. ലതിക, കാരശ്ശേരി സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹിമാൻ, കേരള ലേബർഫെഡ് ചെയർമാൻ എ. സി. മാത്യു, കൗൺസിലർ സുജാത കൂടത്തിങ്കൽ, ഐസി‌എ ഏഷ്യ-പസഫിക് ഓന്ത്രപ്രണർഷിപ് ഡയറക്ടർ ഗണേഷ് ഗോപാൽ എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News