‘ബിജെപിയുടെ അരമന സന്ദർശനം കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്ന പോലെ’, വി.എൻ വാസവൻ

ബിജെപി നേതാക്കളുടെ അരമനസന്ദർശനത്തെ പരിഹസിച്ച് മന്ത്രി വി.എൻ വാസവൻ. അരമന സന്ദർശനം കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്ന പോലെയെന്ന് മന്ത്രി പറഞ്ഞു.

കുറുക്കൻ കോഴിയുടെ ക്ഷേമം അന്വേഷിക്കുന്നത് പോലെയാണ് ബിജെപി നേതാക്കൾ അരമനകൾ സന്ദർശിക്കുന്നത്. ആട്ടിൻ തോലിട്ട ചെന്നായ്ക്കളെപോലെയാണ് അവർ ക്രിസ്ത്യൻ വീടുകളിൽ എത്തുന്നത്. സംഘപരിവാറിന്റെ ക്രിസ്ത്യൻ ആക്രമണങ്ങൾ രാജ്യം മറന്നിട്ടില്ല എന്നും പുള്ളിപ്പുലിയുടെ പുള്ളികൾ മായ്ക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു.

ബിജെപി നേതാക്കളെ പരിഹസിച്ച മന്ത്രി ക്രിസ്ത്യൻ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടുകളെയും പരിഹസിച്ചു. കോൺഗ്രസിന് ഒരു വിഷയത്തിലും സ്വതന്ത്ര നിലപാട് എടുക്കാനാകില്ലെന്നും അവരുടെ നിലവിലെ അവസ്ഥയ്ക്ക് കാരണം മൃദുഹിന്ദുത്വ സമീപനമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്ററും ബിജെപി നടപടികളെ വിമർശിച്ച് രംഗത്തെത്തി. ക്രിസ്തീയ സഭയെ ബിജെപി രാഷ്ടീയ പ്രവർത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ക്രിസ്തീയ സമൂഹത്തിനെതിരെ രാജ്യത്ത് വലിയ കടന്നാക്രമണമാണ് നടക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ നല്ല ധാരണയുണ്ട്. അത്തരം അക്രമങ്ങള്‍ക്കെതിരെ ദില്ലിയിൽ വൈദികർക്ക് പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുന്നു. വിചാരധാരയിൽ നിന്നും ആർഎസ്എസ്സിന് ഒരിക്കലും മാറാൻ കഴിയില്ലെന്നും ഇതെല്ലാം മൂടിവയ്ക്കുന്നതിന് വേണ്ടിയാണ് ബിജെപിയുടെ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration