കര്‍ണാടകയിലേത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ച വോട്ടിംഗ് മെഷീനുകള്‍; ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിച്ച വോട്ടിംഗ് മെഷീനുകളാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത്. വോട്ടിംഗ് മെഷീനുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം അതിശയിപ്പിക്കുന്നതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എംപിയും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാവുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരുന്നത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകള്‍ എല്ലാം പുതുതായി നിര്‍മിച്ചവയാണ്. ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ആണ് ഇവ നിര്‍മ്മിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പരസ്യപ്രചാരണം അവസാനിച്ച ശേഷമായിരുന്നു സുര്‍ജേവാല ആരോപണം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്.

പുതിയ വോട്ടിംഗ് മെഷീനുകളാണ് ഉപയോഗിക്കുന്നതെന്ന കാര്യം മാര്‍ച്ച് 29 ന് തന്നെ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ കത്തിലൂടെ കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിച്ചതണ്. ഇതിന് ശേഷവും അനാവശ്യ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചതിലെ അതൃപ്തിയും കമ്മീഷന്‍ രേഖപ്പെടുത്തി.

കോണ്‍ഗ്രസിന് തെറ്റായ വിവരം നല്‍കിയവരെ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നുകാട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയമത്തിന് മുന്നിലെത്തിക്കണം. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിലെ ഉത്തരവാദിത്വമുളള ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയിലുളള കോണ്‍ഗ്രസിന്റെ മതിപ്പിന് കോട്ടം തട്ടാതിരിക്കാന്‍ അത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News