വിപ്ലവം… പോരാട്ടം…നിതാന്തസമരം; സമരയൗവ്വനം @100

രണ്ടു കാലുകളും ലോക്കപ്പിന്‍റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. മര്‍ദ്ദനം ശക്തമായപ്പോള്‍ ബോധം നശിക്കുമെന്ന അവസ്ഥയിലെത്തി. അപ്പോഴും പൊലീസിന്‍റെ ക്രൗര്യം ലവലേശം കുറഞ്ഞിരുന്നില്ല. അവസാനം തോക്കിന്‍റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അപ്പോഴും പൊലീസ് ഭയന്നത് സഖാവ് വി എസ് അച്യുതാനന്ദന്‍റെ കരളുറപ്പിന് മുന്നില്‍ മാത്രമായിരുന്നു. അത്രമേല്‍ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു വിഎസിനുമേല്‍ പൊലീസ് പരീക്ഷിച്ചത്. ഒടുവില്‍ മരണത്തിന് പോലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന് തോന്നിയതിനാലാകണം കാട്ടില്‍ തള്ളാന്‍ കൊണ്ടുപോകുന്നതിനിടെ പാലാ ആശുപത്രിയില്‍ പൊലീസുകാര്‍ വി എസിനെ ഉപേക്ഷിച്ചു പോയത്.

Also Read : ‘പലസ്തീനില്‍ സര്‍വ്വനാശത്തിന്റെ അന്തരീക്ഷത്തിലേയ്ക്ക് കാര്യങ്ങള്‍ വഴിമാറുന്നു’; സീതാറാം യെച്ചൂരി

ദിവാന്‍ ഭരണത്തിനെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവര്‍ഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്‍റെ ഭാഗമാണ്. സര്‍ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയില്‍ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്‍റെ മുഖ്യ ചുമതലക്കാരനായിരുന്നു വി എസ്. ദിവാന്‍ സി പി രാമസ്വാമി അയ്യരുടെ കിരാതഭരണത്തെ വി എസ് വിറപ്പിച്ചപ്പോള്‍ 1946 ഒക്ടോബര്‍ ഒന്നിന് ദിവാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് വി എസിന്‍റെ വെന്തലത്തറയിലെ വിടിന്‍റെ കതകില്‍ രാജമുദ്ര പതിച്ചു. അച്യുതാനന്ദന്‍ കീഴടങ്ങിയില്ലെങ്കില്‍ വീട് കണ്ടുകെട്ടുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ കോട്ടയം പൂഞ്ഞാര്‍ ഭാഗത്തേക്ക് ഒളിവില്‍ പോയി.

പുന്നപ്രയില്‍ വെടിവെപ്പുണ്ടാവുകയും എസ്ഐ  അടക്കം നിരവധി പൊലീസുകാര്‍ മരിക്കുകയും ചെയ്തതിന് ശേഷമാണ് പൂഞ്ഞാറില്‍ നിന്ന് വി. എസ് അറസ്റ്റിലായത്. തുടര്‍ന്ന് പാര്‍ട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാത്തതിന്‍റെ പേരില്‍ വി എസ് നേരിട്ടത് മനസാക്ഷിയെപ്പോലും ഞെട്ടിക്കുന്ന ക്രൂരതകളായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് വി എസ് അനുഭവിച്ചത് കൊടിയ മര്‍ദ്ദനങ്ങളും ജയില്‍ ശിക്ഷയുമായിരുന്നു.

Also Read : ‘സത്യം ചെരുപ്പിടുമ്പോഴേക്ക് നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും’; സംഘപരിവാറിനെതിരെ വിമർശനമുയർത്തി മന്ത്രി എം ബി രാജേഷ്

മരണക്കിടക്കയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ വി എസിനെ വീണ്ടും പൊലീസ് അറസ്റ്റുചെയ്തു. പുന്നപ്ര–വയലാര്‍ സമരത്തിന്‍റെ ഭാഗമായുള്ള കേസിലും എസ്‌ഐ വേലായുധന്‍ നാടാര്‍ കൊലക്കേസ്, ചേര്‍ത്തല രാമന്‍ കൊലക്കേസ് എന്നിവയിലും പ്രതിയാക്കി. ലോക്കപ്പ് മര്‍ദനത്തെത്തുടര്‍ന്നുള്ള ശാരീരിക അവശതകളും ബയണറ്റുകൊണ്ടുള്ള കുത്തേറ്റതിന്റെ ഉണങ്ങാത്ത മുറിവും നീരുവച്ച കാലുമായി മാസങ്ങള്‍ നീണ്ട ജയില്‍ വാസം അതികഠിനമായിരുന്നു.

ഭീഷണികള്‍ക്കും അധികാര ദുഷ്പ്രഭുത്വത്തിന് മുന്നിലും അടിപതറാതെ സ്വയം തെളിച്ച വഴിയിലൂടെ ചെങ്കൊടിയേന്തി മുഖ്യമന്ത്രി പദത്തിലെത്തിയ വിഎസിന്‍റെ കൈകളില്‍ അഴിമതിയുടെ കറകള്‍ ഏറ്റിരുന്നില്ല. അതിജീവനശക്തിയെന്നാല്‍ അഗ്നിപരീക്ഷകളില്‍ ഉരുകിത്തെളിഞ്ഞ മനസ്സിന്‍റെ ഉറപ്പാണ് എന്ന് വിഎസിന്‍റെ സമരജീവിതം നമുക്ക് കാണിച്ചുതരുന്നു. വി എസില്ലാത്ത ഇടതുപക്ഷത്തെക്കുറിച്ച് ചിന്തിക്കാന്‍ പുതുതലമുറയ്ക്ക് ഇന്ന് കഴിയില്ല എന്നതുതന്നെയാണ് നൂറിന്‍റെ നിറവില്‍ നില്‍ക്കുമ്പോഴും അദ്ദേഹം കേരള രാഷ്ട്രീയത്തിന് നല്‍കുന്ന സംഭാവന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News