കഴിഞ്ഞയാഴ്ച ചരിത്രത്തിലെ തന്നെ ഏറ്റവും ചൂട് കൂടിയ ആഴ്ചയായിരുന്നുവെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന. അന്തരീക്ഷ, കടൽജല താപനില വർധിക്കുകയാണ്. ഒപ്പം, അൻ്റാർട്ടിക്കയിലെ മഞ്ഞുരുക്കവും.
അൻ്റാർട്ടിക്കയിലാകെ പടർന്നുകിടക്കുന്ന മഞ്ഞുഭീമന്മാർ ഉരുകി പൂർണമായും കടൽ ജലത്തിലേക്ക് അലിഞ്ഞ് ഇല്ലാതാകും എന്ന സൂചനകളാണ് അന്താരാഷ്ട്ര കാലാവസ്ഥാ സംഘടന പകർത്തുന്നത്. കാലാവസ്ഥ പഠനത്തിന്റെ സാറ്റലൈറ്റ് സാധ്യതകൾ ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ മഞ്ഞ് ഉരുകി തീർന്നതിന്റെ കണക്കാണ് കഴിഞ്ഞ ജൂണിൽ ലഭിച്ചത്. ആഗോള ശരാശരിയുടെ 17% ത്തോളം മഞ്ഞു ശേഖരം കുറഞ്ഞതാണ് കഴിഞ്ഞ മാസത്തെ കണക്ക്. നേരത്തെ ആർട്ടിക് മേഖലയിൽ വലിയ മഞ്ഞുരുക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അൻ്റാർട്ടിക്കയിൽ ഇതാദ്യമാണ് എന്നാണ് ലോക കാലാവസ്ഥാ പഠന പരിപാടിയുടെ തലവൻ മൈക്കൽ സ്പാരോ പറയുന്നത്. എൽ നിനോ പ്രതിഭാസം മൂലം കരയിലും കടലിലും കൂടുതൽ ഉഷ്ണതരംഗങ്ങൾക്ക് സാധ്യത ഉണ്ടെന്നും വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ്റെ പഠനം വ്യക്തമാക്കുന്നുണ്ട്.
ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ജൂൺമാസം ആയിരുന്നു ജൂൺമാസം എന്നും ഏറ്റവും ചൂട് കൂടിയ ആഴ്ചയായിരുന്നു കഴിഞ്ഞ ആഴ്ച എന്നും കണക്കുകൾ ലഭ്യമായിട്ടുണ്ട്. ആദ്യമായി ആഗോള ശരാശരി താപനില 17°C കടന്നതും കഴിഞ്ഞയാഴ്ച തന്നെ. ഇതിന് മുമ്പ് 2016ൽ താപനില 16.9°C ആയി ഉയർന്നതായിരുന്നു ഏറ്റവും കൂടിയ ശരാശരി. ഇത്തവണ ആ റെക്കോർഡ് തകരുകയാണ്. കഠിനമായ ചൂട് കടൽ ജലനിരപ്പ് ഉയർത്തുന്നതിനൊപ്പം ചില പ്രദേശങ്ങളിൽ കാട്ടുതീയും ചിലയിടങ്ങളിൽ പ്രളയവും വിതയ്ക്കുകയാണെന്നുള്ള കണക്കുകളും മനുഷ്യരാശിക്ക് അനുഭവബോധ്യമാകുകയാണ്.
Also Read: കേരള ടൂറിസത്തിൻ്റെ സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here