വഖഫ് ബില്‍; രാജ്യസഭയില്‍ നോട്ടീസ് നല്‍കി വിഷയം അവതരിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

John Brittas MP

വഖഫ് സ്വത്തുക്കള്‍ (അനധികൃതമായി താമസിക്കുന്നവരുടെ ഒഴിപ്പിക്കല്‍) ബില്‍ 2014 പിന്‍വലിക്കുന്നതിനെതിരെ ചട്ടം 119 പ്രകാരം രാജ്യസഭയില്‍ നോട്ടീസ് നല്‍കി വിഷയം അവതരിപ്പിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.

ജോണ്‍ ബ്രിട്ടാസ് എംപി ഉള്‍പ്പെടെ നോട്ടീസ് നല്‍കിയ കേരളത്തില്‍ നിന്നുള്ള രണ്ട് എംപിമാര്‍ക്കാണ് സഭയില്‍ വിയോജിപ്പ് അറിയിക്കാനുള്ള അനുമതി ചെയര്‍മാന്‍ നല്‍കിയത്. 2014ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച ബില്‍ സച്ചാര്‍ കമ്മിറ്റിയുടെയും വഖഫിനെ സംബന്ധിച്ചുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെയും രാജ്യസഭാ സെലക്ട് കമ്മിറ്റിയുടെയും ശുപാര്‍ശകളുടേയും നിയമമന്ത്രാലയത്തിന്റെയും മറ്റും ഉപദേശങ്ങളുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതായിരുന്നു.

അനധികൃതമായി വഖഫ് സ്വത്തുകള്‍ കയ്യേറിയവരെ ഒഴിപ്പിച്ച് അന്യാധീനപ്പെട്ട സ്വത്തുക്കള്‍ തിരിച്ചെടുക്കുന്നതിനുള്ള കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു പ്രസ്തുത ബില്‍. എന്നാല്‍ 10 കൊല്ലമായിട്ടും ഈ ബില്ല് പാസാക്കി എടുക്കാന്‍ താല്പര്യം കാണിക്കാതെ ഇതിന് കടകവിരുദ്ധമായ വഖഫ് സ്വത്തുക്കള്‍ക്ക് പ്രതിലോമകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ ബില്‍ ലോകസഭയില്‍ ഇന്ന് അവതരിപ്പിക്കുകയും അതേസമയം വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനുള്ള 2014ലെ ബില്‍ രാജ്യസഭയില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്യുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഇരട്ടത്താപ്പും കാപട്യവുമാണ് എടുത്തു കാണിക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

ധ്രുവീകരണം പ്രോത്സാഹിപ്പിക്കുകയും സാമൂഹിക ഐക്യം നശിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സര്‍ക്കാര്‍ നിലപാടിനെതിരെയുള്ള ശക്തമായ പ്രതിഷേധം ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ഉയര്‍ത്തി. ഇന്ന് ലോകസഭയില്‍ അവതരിപ്പിച്ച ബില്ലിലൂടെ വഖഫ് നിയമത്തില്‍ വെള്ളം ചേര്‍ക്കാനും മുസ്ലീം ഇതര മതസ്ഥരെ ഭരണസംവിധാനത്തില്‍ കൊണ്ടുവരാനും മറ്റുമാണ് കേന്ദ്രം ശ്രമിക്കുന്നത്.

ബുള്‍ഡോസര്‍ പൊളിറ്റിക്‌സ് മാറ്റിവെച്ച് രാജ്യത്തെ സാമൂഹിക ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News