സമവായത്തിനിറങ്ങിയത് വസ്തുതകൾ മറച്ചുവെച്ച്; മുനമ്പം വിഷയത്തിൽ ലീഗിന് ഇരട്ടത്താപ്പോ?

മുനമ്പം വിഷയത്തില്‍ ലീഗിന്റേത് ഇരട്ടത്താപ്പ് എന്ന ആക്ഷേപമുയരുന്നു. ഭൂമി പിടിച്ചെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചത്, ലീഗ് നേതാവ് റഷീദലി തങ്ങള്‍ ചെയര്‍മാനായിരുന്ന കാലത്താണെന്ന വിവരം മറച്ചു വെച്ചാണ്, സമവായത്തിനെന്ന പേരില്‍ ലീഗ് നേതാക്കള്‍ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

മാത്രമല്ല കൈവശക്കാര്‍ക്ക് നികുതി ഒടുക്കുന്നതിന് അനുമതി നല്‍കിയ 2022ലെ ഉത്തരവ് റദ്ദാക്കണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വഖഫ് ബോര്‍ഡ് യോഗത്തില്‍ എം സി മായിന്‍ഹാജി അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

2022 ഒക്ടോബര്‍ 18 ന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗത്തില്‍ ലീഗ് നേതാവ് എം സി മായിന്‍ ഹാജിയും അഡ്വക്കറ്റ് എം സൈനുദ്ദീനും അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പാണിത്. കൈവശക്കാര്‍ക്ക് നികുതി ഒടുക്കുന്നതിന് അനുമതി നല്‍കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. 2022 ജൂലൈ 20 ന് റവന്യൂ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനപ്രകാരമായിരുന്നു നികുതി ഒടുക്കാന്‍ അനുമതി നല്‍കിയത്.

Also Read : മുനമ്പം വഖഫ് ഭൂമി പ്രശ്നം: രാഷ്ട്രീയ പരിഹാരമല്ല നിയമ പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; മന്ത്രി പി രാജീവ്

ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടവരാണ് സമവായത്തിനെന്ന പേരില്‍ ബിഷപ്പ് ഹൗസ് സന്ദര്‍ശിച്ച് വലിയ വാര്‍ത്തയാക്കിയത്. പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ, തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ട ഭൂമിയാണെന്നും ഈ പ്രമേയത്തില്‍ ലീഗ് നേതാവ് തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

വേണ്ടത്ര ചര്‍ച്ചയോ കൂടിയാലോചനയോ നടത്താതെയായിരുന്നു 2019 മെയ് 20ന് ഭൂമി തിരിച്ച് പിടിക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചത്. ലീഗ് നേതാക്കള്‍ എടുത്ത ഈ തീരുമാനമായിരുന്നു വിഷയത്തെ സങ്കീര്‍ണ്ണമാക്കിയത്.

മാത്രമല്ല നികുതി ഒടുക്കാന്‍ അനുമതി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇക്കാര്യം മറച്ചു വെച്ചാണ് ലീഗ് നേതാക്കളായ സാദിഖലി തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയും സഭാ ആസ്ഥാനം സന്ദര്‍ശിച്ച് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നു എന്ന വിധത്തില്‍ വാര്‍ത്തയാക്കിയത്.

സര്‍ക്കാരിന്റെ പരിഹാര ശ്രമങ്ങള്‍ നീണ്ടുപോകുന്നു എന്ന ആരോപണവും ലീഗ് നേതാക്കള്‍ ഉന്നയിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം അടുത്തദിവസം ചേരാനിരിക്കുകയാണ് ഈ ആരോപണം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ സമവായ ശ്രമങ്ങള്‍ വൈകിയത്.

ഇക്കാര്യം മറച്ചുവെച്ച് ലീഗ് നേതാക്കള്‍ സര്‍ക്കാരില്‍ പഴിചാരാനായിരുന്നു ശ്രമം. ലീഗ് നേതാക്കള്‍ വഖഫ് ബോര്‍ഡിന്റെ തലപ്പത്തിരുന്ന കാലത്ത് എടുത്ത തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവച്ചത് എന്ന വസ്തുത സന്ദര്‍ശനം ആഘോഷിച്ച യു ഡി എഫ് മാധ്യമങ്ങളും മറച്ചു വച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News