മാലിന്യ സംസ്‌കരണം; മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം

എറണകുളം ജില്ലയിലെ മാലിന്യ സംസ്‌കരണം സുഗമമാക്കാന്‍ ആവിഷ്‌കരിച്ച കര്‍മ്മപദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവിന്റെയും നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.

കര്‍മ്മ പദ്ധതി പ്രകാരം ഇതുവരെ ചെയ്ത കാര്യങ്ങള്‍ ജില്ലയിലെ എല്ലാ നഗരസഭകളും യോഗത്തില്‍ വിശദീകരിച്ചു. ജില്ലയിലെ എല്ലാ നഗരസഭകളിലും കര്‍മ്മപദ്ധതി പ്രകാരമുള്ള പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ ഭവനസന്ദര്‍ശന ബോധവത്കരണ പരിപാടിക്ക് മുന്നോടിയായി സന്ദര്‍ശന സംഘത്തിലുള്ളവര്‍ക്ക് മാര്‍ച്ച് 23, 24 തീയതികളിലായി പരിശീലനം നല്‍കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവരുടെ സംഘമാണ് ബോധവല്‍കരണ പ്രവര്‍ത്തനം നടത്തുന്നത്.

മാര്‍ച്ച് 25, 26 തീയതികളില്‍ കൊച്ചി കോര്‍പറേഷനിലും ഇതര നഗരസഭകളിലും എല്ലാ വീടുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യമായ സാങ്കേതിക പിന്തുണയും ഉപദേശവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കും. ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചട്ടപ്രകാരം എല്ലാവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നോട്ടീസും നല്‍കും.

ഇതിനു ശേഷവും മാലിന്യ സംസ്‌കരണ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും. ഉറവിട മാലിന്യ സംസ്‌കരണത്തിനുള്ള സൗകര്യങ്ങള്‍ വീടുകളിലുണ്ടോ, ഉണ്ടെങ്കില്‍ അവ കൃത്യമായാണോ പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ അപര്യാപ്തമായ തദ്ദേശ സ്ഥാപനങ്ങള്‍ ഉടന്‍ കുറവ് നികത്താനുള്ള നടപടികള്‍ ആരംഭിച്ചു. മെറ്റീരിയല്‍ കളക്ഷന്‍ സെന്ററുകളുടെ (എം.സി.എഫ്) എണ്ണം കുറവുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അടിയന്തരമായി അവ സ്ഥാപിക്കാനുള്ള നടപടിയെടുക്കണം. മാലിന്യം ശേഖരിക്കുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും യോഗം തീരുമാനിച്ചു.

ഫ്‌ലാറ്റുകള്‍, അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സുകള്‍, ഹോട്ടല്‍, റെസ്റ്റാറന്റ് എന്നിവക്ക് ചട്ടപ്രകാരമുള്ള മാലിന്യസംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താനുള്ള നോട്ടീസ് നല്‍കിത്തുടങ്ങി. ചട്ടം അനുശാസിക്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് മന്ത്രിമാര്‍ കര്‍ശന നിര്‍ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ യഥാസമയം തീരുമാനമെടുക്കാതിരുന്നാല്‍ കാലതാമസം ഒഴിവാക്കാനായി ദുരന്തനിവാരണ നിയമം അനുസരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ എംപവേഡ് കമ്മിറ്റിയോട് നിര്‍ദേശിച്ചു. ബ്രഹ്മപുരത്തെ വിന്‍ഡ്രോം കമ്പോസ്റ്റ് പ്ലാന്റ് പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കോര്‍പറേഷന്‍ അറിയിച്ചു. എത്രയും പെട്ടെന്ന് അത് പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

ഏപ്രില്‍ പത്തിനകം മുഴുവന്‍ വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ട് പോകുന്നത്. പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ മാലിന്യമുക്തമായി പ്രഖ്യാപിക്കും.

ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ എം.എല്‍.എമാരായ ടി ജെ വിനോദ്, മാത്യു കുഴല്‍നാടന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, മേയര്‍ എം അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News