കോടികള്‍ മുടക്കി വീട് പണിതിട്ട് ആദ്യ മഴയില്‍ ചോര്‍ന്നാലോ?

കോടികളും ലക്ഷങ്ങളും പൊടിച്ച് വീടുണ്ടാക്കിയിട്ട് ആദ്യ മഴയില്‍ തന്നെ അത് ചോര്‍ന്നാല്‍ എന്താവും അവസ്ഥ. നാടടക്കം വിളിച്ച് പാലുകാച്ചല്‍ നടത്തി കയറി കൂടിയതാണെങ്കില്‍ പറയുകയും വേണ്ട. വീടിന്റെ മേല്‍ക്കൂരയൊരുക്കുമ്പോള്‍ തന്നെ ശ്രദ്ധിച്ചാല്‍ ആദ്യമഴയില്‍ തന്നെ വീടുചോര്‍ന്നൊലിക്കുന്ന ദുരനുഭവങ്ങള്‍ തടയാം. വീടൊരുക്കാന്‍ ചെലവഴിക്കുന്ന പണത്തിന്റെ ചെറിയൊരു ശതമാനം മേല്‍ക്കൂരയ്ക്കായി കൂടുതല്‍ ചെലവഴിച്ചാല്‍ പരിഹരിക്കാവുന്നതാണ് മഴക്കാലത്തെ ചോര്‍ച്ച.

നിരപ്പുള്ള മേല്‍ക്കൂരയാണ് ഒരുക്കുന്നതെങ്കില്‍ കോണ്‍ക്രീറ്റ് ഇടുന്ന ഘട്ടത്തില്‍ തന്നെ ചോര്‍ച്ച പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്. വാര്‍പ്പിന് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റിനൊപ്പം വാട്ടര്‍പ്രൂഫ് മിക്സര്‍ ചേര്‍ത്തുവെന്ന് ഉറപ്പാക്കുക. കോണ്‍ക്രീറ്റ് ചെയ്യുന്ന സമയത്ത് ഹണി കോമ്പ് ഇല്ലാതെ കോണ്‍ക്രീറ്റ് ചെയ്യേണ്ടതാണ്. അതിനായി കോണ്‍ക്രീറ്റ് വൈബ്രേറ്റ് ചെയ്ത് മിക്സാക്കുന്ന മെഷീന്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

വാര്‍പ്പിന് ശേഷം ചോര്‍ച്ച തടയാനുള്ള മറ്റുമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനായി അധികം പണം ചെലവഴിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് പെയിന്റിന്റെ സ്വഭാവത്തിലുള്ള വാട്ടര്‍ പ്രൂഫ് വാര്‍പ്പിന് മുകളില്‍ അടിക്കാവുന്നതാണ്. വാര്‍പ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോള്‍ തന്നെ വാട്ടര്‍ പ്രൂഫ് അടിക്കുന്നതാണ് ഉത്തമം.

കോടികള്‍ മുടക്കുന്ന ലക്ഷ്വറി വീടുകളാണെങ്കില്‍ വാട്ടര്‍പ്രൂഫ് മെമ്പറെയ്ന്‍ ചെയ്തതിന് ശേഷം ഗ്യാപ്പില്ലാതെ റൂഫിന്റെ മുകളില്‍ ഇടുന്ന ഫ്ളോര്‍ടൈല്‍ പാകുക. ടൈലുകള്‍ക്കിടയില്‍ വിടവ് വരാത്ത വിധത്തില്‍ ഈപോക്സി ഫില്ലര്‍ ഉപയോഗിക്കണം.

ചെരുവുള്ള റൂഫുകള്‍ക്കാണ് നമ്മുടെ നാട്ടില്‍ പൊതുവെ ചോര്‍ച്ച കൂടുതല്‍. നമ്മുടെ നാട്ടില്‍ ചെരുവുള്ള റൂഫുകള്‍ക്ക് വേണ്ടി ചെയ്യുന്ന കോണ്‍ക്രീറ്റ് സെറ്റില്‍മെന്റില്‍ കൃത്യതയില്ലാത്തതാണ് ചോര്‍ച്ചയ്ക്കുള്ള പ്രധാനകാരണമായി പറയുന്നത്. കാഴ്ചയ്ക്കുള്ള ഭംഗിക്ക് വേണ്ടിയിട്ടാണ് ചരിവുള്ള മേല്‍ക്കൂര പണിയുന്നതെങ്കില്‍ ആദ്യം പരന്ന മേല്‍ക്കൂര വാര്‍ത്തതിന് ശേഷം പിന്നീട് അതിന് മുകളിലേയ്ക്ക് ചരിവുള്ള മേല്‍ക്കൂരയുടെ ആകൃതിയില്‍ ട്രസ്വര്‍ക്ക് ചെയ്യുന്നാണ് ഉത്തമം. ആദ്യം പരന്ന വാര്‍പ്പ് ചെയ്തിട്ട് ട്രസ് വര്‍ക്ക് ചെയ്യാന്‍ ബഡ്ജറ്റില്ലാത്തവര്‍ നേരിട്ട് ട്രസ് വര്‍ക്ക് ചെയ്ത് റൂഫ് ചെയ്തിന് ശേഷം താഴെഭാഗത്ത് വാര്‍പ്പാണെന്ന് തോന്നിക്കുന്ന നിലയില്‍ ഫാള്‍സ് സീലിംഗ് ചെയ്യാറുണ്ട്.

പരന്ന മേല്‍ക്കൂരയുള്ള ലക്ഷ്വറി വീടുകള്‍ ഒരുക്കുന്നവര്‍ മേല്‍ക്കൂര വാര്‍ത്തതിന് ശേഷം അതിന് മുകളില്‍ ഓട് നിരത്തി മേല്‍ക്കൂര വാട്ടര്‍ പ്രൂഫ് ആയി സംരക്ഷിക്കാറുണ്ട്. വ്യത്യസ്തമായ കാഴ്ചകള്‍ സമ്മാനിക്കുന്ന റൂഫിംഗ് ടൈല്‍/ ഓട് വിപണിയില്‍ ലഭ്യമാണ്. വീടിന്റെ ബഡ്ജറ്റ് അനുസരിച്ച് ആളുകള്‍ക്ക് ഇവ തിരഞ്ഞെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News