ആളിയാർ അണക്കെട്ടിൽ കൂടുതൽ ജലം സംഭരിക്കാനാവശ്യപ്പെട്ട് കേരളം തമിഴ്നാടിന് കത്തു നൽകി. ഏപ്രിൽ മെയ് മാസങ്ങളിലെ കുടിവെള്ള വിതരണം, ആർബിസി കനാലിലേക്കുള്ള ജലവിതരണം എന്നിവ മുന്നിൽ കണ്ടാണ് കേരളത്തിന്റെ നടപടി. അന്തർസംസ്ഥാന നദീജല വിഭാഗം ചീഫ് എഞ്ചിനീയറാണ് കത്തു നൽകിയത്. 3800 ദശലക്ഷം ഘനയടി സംഭരണ ശേഷിയുള്ള ആളിയാർ ഡാമിൽ 594 ഘനയടി വെള്ളമാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവ്. തുലാമഴയും വേനൽ മഴയും കാര്യമായി കിട്ടാതിരുന്നതാണ് കാരണം. കരാർ പ്രകാരം ഇപ്പോൾ ചിറ്റൂർ പുഴയിലേക്ക് സെക്കണ്ടിൽ 185 ഘനയടി വെള്ളം ലഭിക്കുന്നുണ്ട്. ഇത് ആർബിസി കനാലിലേക്കാണ് നൽകുന്നത്.
ചിറ്റൂർ പുഴ പരിധിയിൽ നെൽക്കൃഷി വിളവെടുപ്പ് കഴിഞ്ഞതിനാൽ ആർബിസി കനാലിലേക്കും ഏപ്രിൽ, മെയ് മാസങ്ങളിലേക്കുള കുടിവെള്ള ആവശ്യത്തിനുമാണ് വെള്ളം വേണ്ടത്. കുടിവെള്ളത്തിനുമാത്രം സെക്കണ്ടിൽ 100 ഘനയടി വെള്ളം ആവശ്യമെങ്കിലും ഇപ്പോഴത്തെ നിലയിൽ വെള്ളമുണ്ടാവില്ല. അപ്പർ ആളിയാറിൽ നിന്നോ പറമ്പിക്കുളത്തു നിന്നോ കൂടുതൽ വെള്ളം ആളിയാറിൽ എത്തിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതേസമയം പറമ്പിക്കുളം അണക്കെട്ടിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. 17.8 ടിഎംസി സംഭരണ ശേഷിയുള്ള ഡാമിൽ 7.7 ടിഎംസി വെള്ളമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ആറുവർഷത്തെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണിത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here