തിരുവനന്തപുരം നഗരത്തിലെ എല്ലാ വാർഡുകളിലും ജലവിതരണം പുനഃസ്ഥാപിച്ചു. ഭൂരിഭാഗം വാർഡുകളിലും പുലർച്ചയോടെയും ബാക്കിയുള്ള ഇടങ്ങളിൽ വൈകുന്നേരത്തോടെയുമാണ് വെള്ളം എത്തിയത്. ഇത്തരം സാഹചര്യം ഇനി ഉണ്ടാവാതിരിക്കാനുള്ള ശ്രമം നടത്തുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം നാഗർകോവിൽ റെയിൽവേ പാത വികസനത്തിന്റെ ഭാഗമായി ജഗതി സിഐടി റോഡിലെ പൈപ്പ് ലൈൻ പുനസ്ഥാപിക്കുന്നതിനാലാണ് നഗരത്തിൽ കുടിവെള്ള പ്രശ്നം നേരിട്ടത്. ചില സാങ്കേതിക തകരാറുകൾ കാരണം അറ്റകുറ്റപ്പണി നീണ്ടെങ്കിലും, കഴിഞ്ഞദിവസം രാത്രിയോടെ പ്രവർത്തികൾ പൂർത്തിയാക്കിയതോടെ നഗരത്തിന് ആശ്വാസമായി. പുലർച്ചയോടെ ആറ്റുകാൽ ഐരാണിമുട്ടം തുടങ്ങിയ ഭൂരിഭാഗം വാർഡുകളിലും വെള്ളം എത്തി തുടങ്ങി.
സംഭവത്തിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് വലിയ വീഴ്ചയുണ്ടായെന്നും ഉദ്യോഗസ്ഥർക്കെതിരെ മന്ത്രിക്ക് പരാതി നൽകുമെന്നും എം എൽ എ വി കെ പ്രശാന്ത് പറഞ്ഞു. പമ്പിങ് നടത്തുന്നതിൽ നിലവിൽ ഒരു പ്രതിസന്ധിയുമില്ലാത്തതിനാൽ ബാക്കിയുള്ള മേഖലകളിലും വൈകുന്നേരത്തോടെ ജലവിതരണം പൂർണ്ണമായും പുനസ്ഥാപിച്ചു. ഭാവിയിൽ ഇത്തരം സാഹചര്യം ഉണ്ടാവാതിരിക്കാനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു. എന്നാൽ, പ്രശ്നം പരിഹരിച്ചിട്ടും യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറിയുള്ള പ്രഹസന പ്രതിഷേധം നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here