കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ശുദ്ധജലം; സംസ്ഥാനത്ത് വാട്ടര്‍ബെല്‍ പദ്ധതി നടപ്പാക്കി

കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ശുദ്ധജലം കുടിക്കാനുള്ള വാട്ടര്‍ബെല്‍ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി.തിരുവനന്തപുരം മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗവണ്മെന്റ് വി ആന്‍ഡ് എച്ച് എസ് എസില്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സ്‌കൂളുകളില്‍ വാട്ടര്‍ ബെല്‍ സംവിധാനം കൊണ്ടുവരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.

ക്ലാസ് സമയത്ത് കുട്ടികള്‍ മതിയായ അളവില്‍ ശുദ്ധജലം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കുട്ടികള്‍ക്ക് വെള്ളം കുടിക്കുന്നതിനായി രാവിലെ 10.30നും ഉച്ചക്ക് 2.00 മണിക്കും വാട്ടര്‍ ബെല്‍ മുഴക്കി അഞ്ച് മിനിറ്റ് വീതം പ്രത്യേക ഇടവേളകള്‍ അനുവദിക്കും. വെള്ളം വീട്ടില്‍ നിന്നുംകൊണ്ട് വരാത്ത വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകളില്‍ ശുദ്ധജലം ഉറപ്പാക്കുകയും വേണം.

ഈ നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിനായി ബന്ധപ്പെട്ട ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, റിജിയണല്‍ ഡപ്യുട്ടി ഡയറക്ടര്‍മാര്‍(ഹയര്‍സെക്കണ്ടറി വിഭാഗം), അസിസ്റ്റന്റ്‌റ് ഡയറക്ടര്‍മാര്‍(വി.എച്ച്.എസ്.ഇ വിഭാഗം) തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍/പ്രിന്‍സിപ്പല്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കേണ്ടതാണെന്ന സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്.ഈ പദ്ധതിയോട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News