മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിയാമ്പറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ക്രൂരകൃത്യം നടത്തിയവർ കൽപ്പറ്റ പച്ചിലക്കാട് സ്വദേശികളെന്നാണ് സൂചന. പ്രതികൾ ഉടൻ പിടിയിലായേക്കും. വയനാട് മാനന്തവാടിയിൽ ഇരുഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്ന യുവാവിനെയാണ് കാറിൽ സഞ്ചരിച്ചിരുന്ന ആളുകൾ ക്രൂരമായി റോഡിലൂടെ വലിച്ചിഴച്ചത്. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്.
കാറിന്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്കു ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിൽ ആണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കം ഉണ്ടായി. കല്ലുമായി ആക്രമിക്കാനോരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിൽ ഇരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്.
ALSO READ; വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണം; വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം
അതേ സമയം, വയനാട് ആദിവാസി യുവാവിന് നേരെയുള്ള ആക്രമണത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഡിജിപിക്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ആക്രമണത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള നടപടികളും സ്വീകരിക്കുമെന്നും കെ രാധാകൃഷ്ണൻ എംപിയും പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ഒആർ കേളുവും ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here