ആദിവാസി വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്‌കൂളിലേക്ക് മാറ്റാനുള്ള നീക്കം; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടര്‍

വയനാട് വാരാമ്പറ്റ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്ന് കൂട്ടത്തോടെ ആദിവാസി വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ സ്വകാര്യ വിദ്യാലയത്തിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ അന്വേഷണം നടത്താന്‍ കളക്ടറുടെ നിര്‍ദേശം. മാനന്തവാടി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസറോടാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കൂട്ടത്തോടെ ടിസിക്ക് അപേക്ഷ നല്‍കിയിട്ടുള്ളത് അസ്വാഭാവികമാണ്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടര്‍ രേണു രാജ് പറഞ്ഞു.

വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ നിന്നാണ് രക്ഷിതാക്കളെ സ്വാധീനിച്ച് വിദ്യാര്‍ത്ഥികളെ കടത്താനുള്ള ശ്രമം നടന്നത്. കൊല്ലം പാരിപ്പള്ളിയിലെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ 35 വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ടിസിക്ക് അപേക്ഷ നല്‍കിയ സംഭവമാണ് വിവാദത്തിലായത്.

അഞ്ച് മുതല്‍ പത്തുവരെ ക്ലാസുകളിലുള്ള ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടിസിക്കാണ് സ്‌കൂളില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്. വെള്ളമുണ്ടയിലെ വാളാരംകുന്ന്, കൊയറ്റുപാറ, നരിപ്പാറ, അംബേദ്കര്‍ കോളനികളിലുള്ളവരാണ് കുട്ടികളെല്ലാം. ഈ കോളനികളില്‍ നിന്ന് നാല് കിലോമീറ്ററേ വാരാമ്പറ്റ സ്‌കൂളിലേക്കുള്ളൂ. രക്ഷിതാക്കളെ പ്രലോഭിപ്പിച്ചാണ് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്നതെന്നാണ് ആക്ഷേപം. തീര്‍ത്തും ഗ്രാമീണ അന്തരീക്ഷത്തില്‍ പഠിക്കുന്ന ഗോത്രവിദ്യാര്‍ത്ഥികളെ മുന്നൊരുക്കമൊന്നുമില്ലാതെ കൊല്ലം നഗരത്തിലെസ്‌കൂളിലേക്ക് മാറ്റുന്നത് ഇവരുടെ തുടര്‍പഠനം തന്നെ ഇല്ലാതാക്കുമെന്നാണ് ആക്ഷേപം.

ആദിവാസി വിദ്യാര്‍ത്ഥികളെ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ അനുവാദം വാങ്ങണമെന്ന് നേരത്തെ വയനാട് കളക്ടര്‍ ഉത്തരവിട്ടിരുന്നു. മുമ്പും ഇത്തരത്തിലുള്ള ശ്രമങ്ങള്‍ നടന്നപ്പോഴായിരുന്നു ഇടപെടല്‍. ഈ തീരുമാനം ലംഘിച്ചാണ് ഇപ്പോള്‍ വാരാമ്പറ്റ സ്‌കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. കൂട്ടത്തോടെ ടിസിക്ക് അപേക്ഷ നല്‍കിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്ന് പ്രധാന അധ്യാപകന്‍ എന്‍.കെ. ഷൈബു പറഞ്ഞു. ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News