ആത്മഹത്യാ ശ്രമത്തിന് മുന്‍പ് വയനാട് ഡി സി സി ട്രഷറര്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചു; നിര്‍ണായക കണ്ടെത്തല്‍

N M vijayan

ആത്മഹത്യാ ശ്രമത്തിന് മുന്‍പ് വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടെത്തല്‍. പല നേതാക്കളുടേയും വിളികള്‍ ഒന്നിലധികം തവണയെത്തി. സൈബര്‍സെല്‍ ആണ് ഫോണ്‍ പരിശോധിക്കുന്നത്.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും തുടങ്ങി. എന്‍ എം വിജയന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി തെളിയിക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നു.

എന്‍ എം വിജയന്റേയും മകന്റേയും ദാരുണമായ ആത്മഹത്യയേതുടര്‍ന്ന് ഉയര്‍ന്നുവന്ന ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പുതിയ വിവരങ്ങള്‍.ഫോണ്‍ പരിശോധനയില്‍ നിര്‍ണ്ണായകവിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഫോണ്‍ വിളികള്‍ ട്രാക്ക് ചെയ്യുകയാണ് സൈബര്‍സെല്‍. ആത്മഹത്യാ ശ്രമത്തിന് മുന്‍പ് തുടര്‍ച്ചയായി പല നേതാക്കളുടെയും ഫോണ്‍ വിളികള്‍ എന്‍ എം വിജയന്റെ ഫോണിലേക്ക് എത്തി എന്നാണ് വിവരം.

മുറിയില്‍ നിന്ന് ലഭിച്ച ഫോണാണ് പോലീസ് പരിശോധിക്കുന്നത്.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണവും പുരോഗമിക്കുകയാണ്. ഇന്നലെ പരാതിക്കാരുടെ മൊഴികള്‍ ശേഖരിച്ചു.വിജയന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയ ബാങ്ക് കോഴയില്‍ 17 ലക്ഷം നല്‍കിയെന്ന് ആരോപണമുന്നയിച്ച താമരച്ചാലില്‍ ഐസക്കിന്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

അപ്പൊഴത്ത് പത്രോസിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിനിടെയാണ് എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത തെളിയിക്കുന്ന രേഖകള്‍ കൂടി പുറത്തുവന്നത്. ബാങ്കുകളില്‍ നിന്നുള്ള വായ്പകളല്ലാതെ പലിശക്കും പണം വാങ്ങിയതായാണ് രേഖകള്‍. വസ്തു ഈടുവെച്ച് 13 ലക്ഷം രൂപ വാങ്ങിയ രേഖയാണ് പുറത്തുവന്നത്. ഇതിലൊന്നില്‍ ഒപ്പുവെച്ചത് ഡി സി സി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചനാണ്.
ഡി സി സിക്ക് എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യത അറിയാമായിരുന്നെന്ന് തെളിയിക്കുന്ന രേഖയാണിത്.

സാമ്പത്തിക ബാധ്യത അറിയില്ലെന്നായിരുന്നു ഡി സി സിയുടെ വാദം.13 ആക്കൗണ്ടുകളില്‍ 3 എണ്ണത്തില്‍ മാത്രം ഒന്നരക്കോടിയുടെ ബാധ്യതയുള്ളതായി പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration