വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിനുള്ളിലാണ് ഇരുവരെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. ഇളയമകന്‍ ജിജേഷും വിഷം അകത്തുചെന്ന നിലയിലായിരുന്നു. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകളുള്ള ആളാണ് ഇദ്ദേഹം. പരസഹായമില്ലാതെ കാര്യങ്ങളൊന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു.
വിഷം കഴിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ഇരുവരെയും ഉടന്‍ തന്നെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ ഐസിയുവിലുള്ള ഇരുവരുടെയും നില ഗുരുതരമായി തുടരുകയാണ്. അപകടനില തരണം ചെയ്തിട്ടില്ല.
ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്നു എൻഎം വിജയൻ. പിന്നീട് ട്രഷററായി. ദീർഘകാലമായി ജില്ലാ നേതൃത്വത്തിലുണ്ട്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം വീണ്ടും ഉയരുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. പ്രമുഖ നേതാക്കൾക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി നൽകിയത് ഇദ്ദേഹം ഇടനിലക്കാരനായി നിന്നായിരുന്നുവെന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. പണം വാങ്ങി ജോലി നൽകാത്തതിനെതിരെ കെപിസിസിക്ക് എൻഎം വിജയൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
ഇതോടെ വൻ സാമ്പത്തിക ബാധ്യതയിലായിരുന്നു ഇദ്ദേഹം.വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി വിവരമുണ്ടെങ്കിലും പുറത്ത് വന്നിട്ടില്ല. ബത്തേരി അര്‍ബന്‍ ബാങ്കിലെ ആറ് തസ്തികകളിലെ നിയമനത്തിന് യുഡിഎഫ് ഭരണ സമിതി 2 കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി വൻ വിവാദമായിരുന്നു. പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസവും ഉദ്യോഗാർത്ഥികളുമായി തർക്കങ്ങൾ നടന്നിരുന്നുവെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here