ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു

ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയ്യാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിന് ശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയുള്ളതാണ് പട്ടിക. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കെ.ജി.എം.ഒ.എ ആദ്യ ഗന്ധുവായി 25 ലക്ഷം രൂപ നല്‍കി

ഗ്രാമപഞ്ചായത്ത്, ഐസിഡിഎസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബര്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയ്യാറാക്കിയത്. വോട്ടര്‍പട്ടികയിലെയും റേഷന്‍ കാര്‍ഡുകളിലെയും ആളുകളില്‍ നിന്ന് നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്ത ശേഷം കാണാതായവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു.

കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ആദ്യ കരട് പട്ടികയാണിത്. പൊതുജനങ്ങള്‍ക്ക് ഈ കരട് പട്ടിക പരിശോധിച്ച് അതില്‍ ഉല്‍പ്പെട്ടവരെ കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടെങ്കില്‍ അത് ജില്ലാ ഭരണകൂടത്തെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകളെ കണ്ടെത്താന്‍ ശ്രമിക്കും. വിവരം ലഭിക്കുന്ന മുറയ്ക്ക് പട്ടികയില്‍ നിന്ന് അവരുടെ പേരുകള്‍ ഒഴിവാക്കും. നിലവിലെ പട്ടികയില്‍ പെടാത്ത ആരെയെങ്കിലും കാണാതായതായി അറിയിപ്പ് ലഭിച്ചാല്‍ ആവശ്യമായ പരിശോധനകള്‍ക്കു ശേഷം അവരുടെ പേരുകള്‍ കൂടി കൂട്ടിച്ചേര്‍ത്ത് പട്ടിക പരിഷ്‌ക്കരിക്കാനാണ് തീരുമാനം.

ALSO READ:ഔട്ടര്‍ റിംഗ് റോഡിനും സംസ്ഥാന വിഹിതം അനുവദിച്ചു, കേരളം വന്‍ വികസനകുതിപ്പില്‍: മന്ത്രി മുഹമ്മദ് റിയാസ്

നിരന്തര നിരീക്ഷണത്തിലൂടെ ഈ പട്ടിക ശുദ്ധീകരിച്ചായിരിക്കും കാണാതായവരുടെ അന്തിമ പട്ടിക പുറത്തിറക്കുക. ജില്ലാ ഭരണകൂടത്തിന്റെ https://wayanad.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലും ജില്ലാ കളക്ടര്‍ തുടങ്ങിയവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും കലക്ടറേറ്റിലെയും മറ്റും നോട്ടീസ് ബോര്‍ഡുകളിലും കരട് പട്ടിക ലഭ്യമാകും. അസിസ്റ്റന്റ് കളക്ടര്‍ ഗൗതം രാജിന്റെ നേതൃത്വത്തിലാണ് അതിവേഗം കാണാതായവരുടെ പട്ടിക തയ്യാറായത്. ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ സംബന്ധിച്ച് പട്ടിക പരിഷ്‌കരിക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് 8078409770 എന്ന ഫോണ്‍ നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News