തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആറ് ജീവനുകള്‍ രക്ഷിച്ചപ്പോള്‍ മൂന്ന് കുരുന്നുകള്‍ക്ക് കാണാന്‍ കഴിഞ്ഞത് കരുതലിന്റെ മറ്റൊരു ലോകമായിരുന്നു.
10 മീറ്റര്‍ കയറുകള്‍ കൂട്ടിക്കെട്ടിയതില്‍ പിടിച്ചുകയറി വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആഷിഫ്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്‍, കല്‍പ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ അനില്‍കുമാര്‍, കല്‍പ്പറ്റ ആര്‍ ആര്‍ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം രക്ഷപ്പെടുത്തിയത് മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയുള്‍പ്പെടെ ആറുപേരെയായിരുന്നു.
Also Read : നാലാം നാള്‍ അതിജീവനം; പടവെട്ടിക്കുന്നില്‍ 4 പേരെ ജീവനോടെ കണ്ടെത്തി
സങ്കേതത്തില്‍ നിന്നും പുറത്തിറങ്ങാന്‍ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്റെ രൂക്ഷത പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം വരാന്‍ തയ്യാറായതോടെ അവര്‍ക്ക് മുന്നില്‍ മറ്റൊരു സ്‌നേഹത്തിന്റെ, കരുതലിന്റെ ലോകം തെളിയുകയായിരുന്നു. മൂന്ന് പിഞ്ച് കുഞ്ഞുങ്ങളും ഇതുവരെ പുറം ലോകം കണ്ടിട്ടില്ലാത്തവര്‍. കാടിന്റെ മണവും രുചിയും കരുതലും മാത്രമറിഞ്ഞ അവര്‍ പുറത്തെത്തിയപ്പോള്‍ അവരുടെ കണ്ണിലുണ്ടായിരുന്നത് പ്രതീക്ഷയുടെ നീര്‍ക്കണങ്ങള്‍ ആയിരുന്നു.
സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണന്‍, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കള്‍ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാര്‍ഢ്യത്തോടെ വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്.
കാടിനുള്ളില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോള്‍ ഫോറസ്റ്റ് ഓഫീസറുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു.
അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാടിനു വെളിയിലേക്ക് പുറപ്പെട്ടു. ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി ആദിവാസി വിഭാഗത്തിലെ ഈ കുടുംബത്തെ ഉദ്യോഗസ്ഥര്‍ അട്ടമല എപിസിയിലെത്തിച്ച് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും എത്തിച്ചു നല്‍കി. ഇങ്ങനെയും കരുതലിന്റെ കൈത്താങ്ങാകാന്‍ മനുഷ്യരുള്ളപ്പോള്‍ എങ്ങനെയാണ് കേരളം തളര്‍ന്നുപോവുക…
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here