നിരോധിത മയക്കുമരുന്നുകൾക്ക് കൂച്ചുവിലങ്ങിടാൻ കർശന പരിശോധനയും നടപടികളും തുടർന്ന് വയനാട് പൊലീസ്. കഴിഞ്ഞ ദിവസം കൽപ്പറ്റ പൊലീസ് നടത്തിയ പട്രോളിംഗിനിടെ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശികളായ യുവാവിനെയും യുവതിയേയും പിടികൂടി. ജൂലൈ മാസത്തിൽ പിടികൂടുന്ന നാലാമത്തെ കേസാണിത്. നാല് കേസുകളിലായി ആറു പേരെയാണ് ഈ മാസത്തിൽ മാത്രം പിടികൂടിയത്.
താമരശ്ശേരി, കാപ്പുമ്മൽ വീട്ടിൽ അതുൽ(30), കൂടത്തായി, പൂവോട്ടിൽ വീട്ടിൽ പി.വി. ജിഷ(33) എന്നിവരെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റു ചെയ്തത്. 0.4 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊലീസ് ഇവരെ പിടികൂടുന്നത്. എസ്.ഐ പി.സി റോയ് പോൾ, എസ്.സി.പി.ഒമാരായ രാമു, ജയേഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ജൂലൈ നാലിന് കാട്ടിക്കുളത്ത് വെച്ച് തിരുനെല്ലി പൊലീസും ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. കര്‍ണാടക ഭാഗത്ത് നിന്നും കാറില്‍ കടത്തുകയായിരുന്ന 148.05 ഗ്രാം എം.ഡി.എം.എയാണ് രണ്ട് പേരിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട്, താമരശ്ശേരി, കിഴക്കോത്ത് വില്ലേജ്, പുത്തന്‍പീടികയില്‍ വീട്ടില്‍ ഹബീബ് റഹ്മാന്‍(45), മലപ്പുറം, ഏറനാട്, മത്തങ്ങാപൊയില്‍ വീട്ടില്‍, പി. ദിപിന്‍(36) എന്നിവരെ അറസ്റ്റും ചെയ്തു.
ജൂലൈ 11 ന് തോൽപ്പെട്ടി പൊലീസ് ചെക്ക് പോസ്റ്റിൽ വെച്ച് വാഹന പരിശോധനക്കിടെ കൊമേഴ്ഷ്യല്‍ അളവില്‍ എം.ഡി.എം.എ പിടികൂടിയിരുന്നു. വിപണിയിൽ 8 ലക്ഷത്തോളം വില മതിക്കുന്ന 265.55 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാസർഗോഡ്, കാഞ്ഞങ്ങാട്, പുല്ലൂർ പാറപ്പള്ളി വീട്ടിൽ മുഹമ്മദ് സാബിർ(31) നെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജൂലൈ 11ന് തന്നെ മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെ എം.ഡി.എം.എ കണ്ടെത്തിയിരുന്നു. വിദേശ കറന്‍സിയില്‍ പൊതിഞ്ഞ നിലയില്‍ .06 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി.കെ. റമീസ് (24) നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്. വരും ദിവസങ്ങളിലും വയനാട് ജില്ലയിലുടനീളം പോലീസിന്റെ പരിശോധനകൾ തുടരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here