വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് അന്തിമരൂപം നൽകി സംസ്ഥാന സർക്കാർ. കൽപ്പറ്റയിലും, നെടുമ്പാലയിലും ടൗൺഷിപ്പ് നിർമ്മാണം ഉൾപ്പെടെയുള്ള പുനരുധിവാസ പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകി. പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി. സ്പോൺസർമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
Also read: വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് കെയർ ഫോർ മുംബൈയെ ക്ഷണിച്ചു
രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാനാണ് മന്ത്രിസഭ യോഗം അനുമതി നൽകിയത്. കൽപ്പറ്റയിലെ എൽ സ്റ്റോൺ എസ്റ്റേറ്റിൽ 5 വീതം സെന്റിലും നെടുമ്പാലയിൽ 10 വീതം സെൻ്റിലുമായിരിക്കും വീട് നിർമാണം. എൽസ്റ്റോൺ എസ്റ്റേറ്റിൽ 58.5 ഹെക്ടറും നെടുമ്പാലയിൽ 48.96 ഹെക്ടർ ഭൂമിയും ആണ് ഏറ്റെടുക്കുക. പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സമിതി പ്രവർത്തിക്കും.
ടൗൺഷിപ്പുകളിൽ വീടുകൾക്ക് പുറമെ മാർക്കറ്റ് ,ആശുപത്രി, വിദ്യാലയം, അങ്കണവാടി, കളി സ്ഥലങ്ങൾ തുടങ്ങിയവ ഉണ്ടാകും. ക്ലസ്റ്ററുകളായി വീടുകളെ തിരിക്കും. ഉപജീവന മാർഗം കൂടി അടങ്ങുന്നതാകും പുനരധിവാസം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്പോൺസർമാർക്ക് പണം നൽകാനായി പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങും. സ്പോൺസർമാരുമായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ചർച്ച നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, കർണാടക സർക്കാരിൻറെ പ്രതിനിധി, രാഹുൽഗാന്ധിയുടെ പ്രതിനിധി, ഡിവൈഎഫ്ഐ നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം ഭൂമി ഏറ്റെടുക്കുന്ന രണ്ട് എസ്റ്റേറ്റുകളിലും സർവ്വേ നടപടികൾ തുടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here