‘എന്നെ തടയരുത് വാസുവേട്ടാ’; ആളുകളെ കൊണ്ടുവരാൻ മൂന്നാമതും മലമുകളിലേക്ക് പോയ പ്രജീഷിനെ ജീപ്പോടെ ഉരുളെടുത്തു

prajeesh_wayanad

ഉരുൾപൊട്ടലിൽ നാമാവശേഷമായ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമാകെ ഹൃദയഭേദകമായ കാഴ്ചകളാണ്. അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നൂറിലേറെ പേർക്കാണ് ജീവൻ നഷ്ടമായത്. ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി ജീവൻ നഷ്ടമായത് നിരവധിപ്പേർക്കാണ്. അത്തരത്തിൽ ജീവൻ പൊലിഞ്ഞുപോയ പ്രജീഷ് എന്ന ചെറുപ്പക്കാരനെക്കുറിച്ച് പറയുമ്പോൾ മുണ്ടക്കൈകാർക്ക് ഉള്ളുലയുകയാണ്. സ്വന്തം ജീവൻ നോക്കാതെ മൂന്നാമതും മലമുകളിലേക്ക് പോയ പ്രജീഷിനെ ജീപ്പ് ഉൾപ്പടെ ഉരുളെടുക്കുകയായിരുന്നു.

ജൂലൈ 30ന് അർദ്ധരാത്രി ഒരുമണിയോടെ ആദ്യം ഉരുൾപൊട്ടിയത് അറിഞ്ഞ് ജീപ്പുമായി മുണ്ടക്കൈയിലേക്ക് പ്രജീഷ് എത്തിയിരുന്നു. ചൂരൽമല പാടിയിൽ താമസിച്ചിരുന്ന അമ്മ, സഹോദരൻ, കിടപ്പുരോഗിയായ മറ്റൊരാൾ എന്നിവരെ പ്രജീഷ് ആശുപത്രിയിൽ എത്തിച്ചു. രണ്ടാമതും മലയ്ക്ക് മുകളിലെത്തി ദുരന്തത്തിന് ഇരയായവരെ പ്രജീഷ് താഴെ എത്തിച്ചു.

Also Read- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ക്യൂ ആർ കോഡ് പിൻവലിക്കുന്നു; സിഎംഡിആർഎഫ് പോർട്ടൽ വഴിയോ നേരിട്ടോ സംഭാവന നൽകാം

രക്ഷിക്കണേയെന്ന നിലവിളി കേട്ട് മൂന്നാമതും പ്രജീഷ് ജീപ്പ് എടുത്തു. എന്നാൽ അവിടേക്ക് പോകുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ് സുഹൃത്തുക്കളും പരിചയക്കാരും പ്രജീഷിനെ വിലക്കി. അത് വകവെക്കാതെ പ്രജീഷ് ജീപ്പ് എടുക്കുകയായിരുന്നു. ‘നിരവധിപ്പേർ മലയുടെ മുകളിൽ കുടുങ്ങിയിട്ടുണ്ടെന്നും, എന്നെ തടയരുത് വാസുവേട്ടാ’- ഇതും പറഞ്ഞ് പ്രജീഷ് മുന്നോട്ടുപോയി. എന്നാൽ ചൂരൽമല പാലം എത്തുന്നതിന് മുമ്പ് പ്രജീഷിനെ ജീപ്പടക്കം ഉരുൾ കൊണ്ടുപോകുകയായിരുന്നു.

പ്രജീഷിനെ കുറിച്ച് ജംഷീദ് പള്ളിപ്രം എന്നയാൾ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഇതിനോടകം വൈറലായിരുന്നു. അത് ഇങ്ങനെയാണ്…

സൂപ്പർ ഹീറോ സിനിമകൾ കാണുന്നവരാണ് നമ്മൾ. സ്പൈഡർ മാനും ബാറ്റ് മാനും സൂപ്പർമാനും അടക്കം കണ്ടവർ.

ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ അവരെത്തും. ആ പ്രദേശത്തെ മനുഷ്യരെ രക്ഷിക്കും.
മുണ്ടകൈയിൽ അങ്ങനെ ഒരു സൂപ്പർ മാനുണ്ട്. പേര് പ്രജീഷ്.

ഉരുൾ പൊട്ടലുണ്ടായ ആദ്യ നിമിഷം തന്നെ ആളുകളെ രക്ഷിക്കാൻ പ്രജീഷ് ജീപ്പുമായി ഇറങ്ങി. നിരവധി ആളുകളെ രക്ഷിച്ചു.

ആദ്യ രണ്ടു തവണ മലകയറി വന്നു. ആളുകളെ സുരക്ഷിത സ്ഥലത്താക്കി. പിന്നെയും ആളുകൾ മലയുടെ മുകളിൽ സഹായം കാത്തു പരിഭ്രമിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരെ അവിടെ തനിച്ചാക്കി മനസമാധനത്തോടെ ഉറങ്ങാൻ ചിലപ്പോൾ പ്രജീഷിന് ആവില്ലായിരിക്കാം. രക്ഷാപ്രവർത്തനത്തിനായി മൂന്നാമതും മലയുടെ മുകളിൽ പോകുമ്പോൾ സുഹൃത്തുകൾ തടഞ്ഞു.
സുഹൃത്തുക്കളോട് അയാൾ പറഞ്ഞു:

” മലയുടെ മുകളിൽ നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നുണ്ട് വാസുവേട്ടാ. എന്നെ തടയരുത്. ഞാന്‍ എന്തായാലും പോകും. ”

പ്രജീഷ് പിന്നെയും ജീപ്പുമായി മലകയറി. ആളുകളെ ജീപ്പിൽ കയറ്റി. ചൂരൽമല പാലത്തിനടുത്ത് എത്താൻ കഴിഞ്ഞില്ല. തിരിച്ചുവരുമ്പോൾ ആ ജീപ്പടക്കം മണ്ണും വെള്ളവും കൊണ്ടുപോയി. അയാൾ ഈ ലോകത്ത് നിന്നും വിട പറഞ്ഞു.

അയാളുടെ വേഷം സൂപ്പർ ഹീറോയിടെതായിരുന്നില്ല. അയാൾക്ക് അസാമന്യ കഴിവുകളുണ്ടായിരുന്നില്ല.
ചില മനുഷ്യർ അങ്ങനെയാണ്. ദുരിത പ്രദേശങ്ങളിൽ അവർ അവതരിക്കും. അവരുടെ ജീവനെക്കാൾ അപരന്റെ ജീവന് വില നൽകും. അങ്ങനെ അവർ ഹീറോ ആയി മാറും.
പ്രജീഷ് ❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News