വയനാട് സുൽത്താൻ ബത്തേരിയിൽ ജനവാസമേഖലയിൽ വീണ്ടും കരടിയിറങ്ങി. കരടിയിറങ്ങിയത് സുൽത്താൻ ബത്തേരിയിലെ കോടതി പരിസരത്ത്. രാത്രി കാർ യാത്രക്കാരാണ് കരടിയെ കണ്ടത്. കരടി ജനവാസമേഖലയിലൂടെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വയനാട് മാനന്തവാടിയിലും കരടിയെ കണ്ടിരുന്നു.
ചെറ്റപ്പാലം ബൈപ്പാസ് ജംഗ്ഷൻ, മൈത്രി നഗർ, ഡിലേനി ഭവൻ, അടിവാരം എന്നീ പ്രദേശങ്ങളിലാണ് മുൻപ് കരടിയെ കണ്ടത്. മാനന്തവാടി ഫോറസ്റ്റ് റേഞ്ചിന്റെയും ബത്തേരി ആർ ആർ ടി സംഘത്തിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും അന്ന് കരടിയെ പിടികൂടാനായില്ല. പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പുലർച്ചെ രണ്ടുമണിയോടെ, ബത്തേരിയിൽ നിന്ന് ഏറെ അകലെയല്ലാത്ത കോളിയാടിയിലും കരടിയെത്തി. അപ്രതീക്ഷിതമായി ജനവാസ മേഖലയിൽ കരടിയെ കണ്ടതിനാൽ ജനങ്ങൾ ആശങ്കയിലാണ്. കരടി ജനവാസ മേഖലയിൽ ഇറങ്ങുന്നത് അപൂർവമെങ്കിലും വയനാട്ടിൽ അടുപ്പിച്ച് രണ്ട് പ്രദേശങ്ങളിൽ ജനവാസ മേഖലയിലെത്തി. കഴിഞ്ഞ ഞായറാഴ്ച കൊയ്ലേരി ഭാഗത്ത് ഇറങ്ങിയ കരടി നാലുനാൾ ജനവാസ മേഖലയിലൂടെ സഞ്ചരിച്ചാണ് കാടുകയറിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here