വയനാട് ദുരന്തം; കേന്ദ്രം പറയുന്ന കള്ളക്കഥകൾ

Wayanad Landslide

സംസ്ഥാന ദുരന്ത പ്രതികരണനിധിയിലെ നീക്കിയിരുപ്പ് തുക വയനാട് പുനരധിവാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്ന കേന്ദ്രവാദം അപ്രായോഗികം. നിലവിലുള്ള കേന്ദ്രമാനദണ്ഡത്തിൽ മാറ്റം വരുത്താതെ എസ് ഡി ആർ എഫ് തുക വയനാടിനായി ചെലവഴിക്കാനാകില്ലെന്നതാണ് യാഥാർത്ഥ്യം. അതേ സമയം കേരളം ആവശ്യപ്പെട്ട അധിക തുക നൽകുവാനോ മാനദണ്ഡത്തിൽ മാറ്റംവരുത്താനൊ തയ്യാറാകാത്ത കേന്ദ്രസർക്കാർ സംസ്ഥാനത്തിൻറെ ദുരന്തപ്രതികരണനിധിയിൽ മതിയായ തുകയുണ്ടെന്ന് ഹൈക്കോടതിയിലും സമർഥിക്കുകയാണ്. എന്നാൽ അടുത്ത വ്യാഴാഴ്ച്ച കേസ് പരിഗണിക്കുമ്പോൾ വസ്തുത കോടതിയെ ബോധ്യപ്പെടുത്താനാണ് സംസ്ഥാനസർക്കാരിൻറെ നീക്കം.

മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി പരിഗണിക്കുമ്പോഴൊക്കെ കേന്ദ്രം ആവർത്തിക്കുന്നത് കേരളത്തിന് ഇതിനകംതന്നെ ധനസഹായം നൽകിയിട്ടുണ്ടെന്നാണ്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ കേന്ദ്ര വിഹിതം ഉൾപ്പടെ 677 കോടി രൂപ ബാക്കിയുണ്ടെന്നും അത് വയനാട്ടിലെ പുനരധിവാസപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാമെന്നുമാണ് വാദം.

Also Read: പാര്‍ട്ടി പുനഃസംഘടന; കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുന്നു

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കോടതിയും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് വ്യക്തത തേടിയിരുന്നു. എന്നാൽ കേന്ദ്ര മാനദണ്ഡത്തിൽ മാറ്റം വരുത്താതെ എസ് ഡി ആർ എഫ് തുക ചെലവഴിക്കാനാകില്ലെന്നതാണ് യാഥാർത്ഥ്യം.ഒരു വീടു തകർന്നാൽ 1.30 ലക്ഷം രൂപ നൽകാൻ മാത്രമെ നിലവിലെ കേന്ദ്രമാനദണ്ഡത്തിൽ വ്യവസ്ഥയുള്ളൂ.നൂറു കണക്കിന് ജീവനുകൾ നഷ്ടപ്പെട്ട, നൂറുകണക്കിന് വീടുകൾ നിലംപൊത്തിയ വയനാട് മഹാദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഈ തുക തീരെ തുച്ഛമാണ്.

ഒന്നുകിൽ മാനദണ്ഡത്തിൽ മാറ്റം വരുത്തണം അതല്ലെങ്കിൽ അധിക തുക അനുവദിക്കണം. ഇതു രണ്ടും സമ്മതിക്കാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത പ്രതികരണനിധിയിലെ നീക്കിയിരുപ്പ് തുക വയനാട് പുനരധിവാസപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാമെന്ന കേന്ദ്രവാദം അപ്രായോഗികമാണ്. വ്യാഴാഴ്ച്ച കേസ് പരിഗണിക്കവെ ഈ വസ്തുതകൾ കോടതിയെ ബോധ്യപ്പെടുത്താനാകുമെന്നാണ് സംസ്ഥാനത്തിൻറെ പ്രതീക്ഷ.

Also Read: തദ്ദേശസ്വയംഭരണ സ്ഥാപന ഭരണ സമിതികളെ മുഖ്യമന്ത്രി നാളെ അഭിസംബോധന ചെയ്യും

പ്രധാന മന്ത്രി വയനാട് സന്ദർശിച്ച് മടങ്ങുമ്പോൾ വിശദമായ മെമ്മോറാണ്ടം നൽകാനാണ് നിർദേശിച്ചിരുന്നത്. ഇതനുസരിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ വിശദമായ മെമ്മോറാണ്ടം നൽകിയിരുന്നു.ധനസഹായം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന കേരളത്തോട് കേന്ദ്രം പിന്നീട് ആവശ്യപ്പെട്ടത് പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെൻറായിരുന്നു. കേന്ദ്രസംഘത്തിൻറെ സന്ദർശനത്തിനു ശേഷം 90 ദിവസത്തിനുള്ളിൽ പി ഡി എൻ എയും കേരളം കേന്ദ്രത്തിന് സമർപ്പിച്ചു. നവംബർ 13നായിരുന്നു 2219 കോടി രൂപ സഹായം ആവശ്യപ്പെട്ട് കേരളം വിശദമായ നിവേദനം കേന്ദ്രത്തിന് നൽകിയത്.

ഒരു മാസമാകാറായിട്ടും കേന്ദ്രസഹായം ലഭിച്ചില്ലെന്ന് മാത്രമല്ല സംസ്ഥാനം നിവേദനം നൽകാൻ വൈകിയെന്ന് കേന്ദ്രമന്ത്രി അമിത്ഷാ പാർലമെൻറിൽ കള്ളം പറയുകയും ചെയ്തു.വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളുക, സ്പെഷൽ പാക്കേജ് അനുവദിക്കുക തുടങ്ങി സംസ്ഥാനം ആവശ്യപ്പെട്ടതൊന്നും ഇതുവരെ അനുവദിക്കാൻ തയ്യാറാകാത്ത കേന്ദ്രസർക്കാർ കോടതിയിലും വസ്തുതാവിരുദ്ധമായ വാദങ്ങൾ ഉന്നയിച്ച് തടിതപ്പാനുള്ള ശ്രമം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News