വ്യക്തി കേന്ദ്രീകൃതമായ പോരാട്ടമല്ല നവോത്ഥാന മുന്നേറ്റമെന്ന് വൈക്കം സത്യാഗ്രഹം തെളിയിച്ചു: മുഖ്യമന്ത്രി പിണറായി വിജയൻ

വൈക്കം സത്യാഗ്രഹം സമാനതകളില്ലാത്ത പോരാട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈക്കം സത്യാഗ്രഹം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു.നവോത്ഥാന പോരാട്ടങ്ങൾ ഒറ്റ തിരിഞ്ഞ് നടത്തേണ്ടതല്ല. വ്യക്തി കേന്ദ്രീകൃതമായി പോരാട്ടല്ല നവോത്ഥാന മുന്നേറ്റമെന്ന് വൈക്കം സത്യാഗ്രഹം തെളിയിച്ചു. സാമൂഹികമായ രാഷ്ട്രീയ മുന്നേറ്റമായിരുന്നു അത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാറിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ചേർന്ന് നിർവ്വഹിച്ചു. സമര പോരാട്ട വേദികളിൽ കേരളത്തിനും തമിഴ്നാടിനും ഒരേ പാരമ്പര്യമാണ് എന്നും മുഖ്യമന്ത്രി ചടങ്ങിൽ പറഞ്ഞു. ദ്രാവിഡ മുന്നേറ്റത്തെ തമിഴ്നാട്ടിൽ നിലനിർത്താൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പരിശ്രമിക്കുന്നു. വൈക്കം സത്യാഗ്രഹം തമിഴ്നാടിനും അഭിമാനിക്കാൻ വക നൽകിയ സമരമെന്നും മുഖ്യമന്ത്രി പിണറായി ചൂണ്ടിക്കാട്ടി.

വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരേ രീതിയിലുള്ള സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാനങ്ങളാണ് തമിഴ്നാടും കേരളവും. ഐക്യത്തിൻ്റെ സന്ദേശം നൽകിയ സമരമായിരുന്നു വൈക്കം സത്യാഗ്രഹം. ആ ഐക്യം ഇനിയും തുടരുമെന്നും രാജ്യത്തിന് തന്നെ മാറ്റം വരുത്തുന്ന മുന്നേറ്റത്തിന് ഈ ഐക്യം സഹായകരമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

നമ്മുടെ നാടിൻ്റെ പുരോഗമനപരമായ മുന്നേറ്റത്തിന് തടസ്സം നിൽക്കുന്ന ശക്തികളെ തട്ടിമാറ്റണം. അതിന് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കണം. ഇന്ന് രാജ്യത്തെ മതരാഷ്ട്രമാക്കുവാനുള്ള നീക്കമാണ് നടക്കുന്നത്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ സ്ഥാപിക്കുവാൻ നീക്കങ്ങൾ നടക്കുന്നു. അത് ഇത് തിരിച്ചറിയുവാൻ കഴിയണം. ഇന്ന് നേരിടുന്ന വെല്ലുവിളികൾ അതിജീവിക്കാനുള്ള ഊർജ്ജമായി ശതാബ്ദിയാഘോഷം മാറട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈക്കം സത്യാഗ്രഹത്തിൻ്റെ പ്രൗഡി എക്കാലത്തും ഓർമ്മപ്പെടുത്തുന്ന ഒരു സ്മാരകം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

രാജ്യത്തെ ഏറ്റവും വലിയ പോരാട്ടമാണു വൈക്കം സത്യഗ്രഹമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. ഇന്ത്യയിലെമ്പാടുമുണ്ടായ അയിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പ്രചോദനമായത് വൈക്കം സത്യഗ്രഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുഖ്യമന്ത്രി പിണറായി വിജയനും താനും രണ്ട് ശരീരങ്ങളാണെങ്കിലും ചിന്ത കൊണ്ട് ഒന്നാണ്. വൈക്കത്ത് വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അതിന് നന്ദി പറയുന്നതായും എം.കെ. സ്റ്റാലിൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും വൈക്കത്തെ പെരിയാർ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ഉദ്ഘാടനച്ചടങ്ങിന് എത്തിയത്. മഹാത്മാഗാന്ധി, ടി.കെ.മാധവൻ, മന്നത്ത് പദ്മനാഭൻ എന്നിവരുടെ സ്മൃതിമണ്ഡപങ്ങളിലും കുഞ്ഞാപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ, ആമചാടി തേവൻ, രാമൻ ഇളയത് എന്നീ സത്യാഗ്രഹികളുടെ സ്മൃതിമണ്ഡപങ്ങളിലും ഇരു മുഖ്യമന്തി മാരും പുഷ്പാർച്ചന നടത്തി. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവനാണ് ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News