കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കി കളയാന്‍ കുടുംബശ്രീ സൊസൈറ്റികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരിക്കുകയാണ് ബിവറേജസ് കോര്‍പ്പറേഷന്‍
പാലക്കാട് മേനോന്‍പാറ വെയര്‍ഹൗസ് ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന മദ്യമാണ് ഒഴുക്കി കളയുന്നത്
ഫെയ്സ്ഷീല്‍ഡും മാസ്‌കും ഗ്ലൗസുമൊക്കെ ധരിച്ച് സുരക്ഷാ മുന്‍കരുതലോടെയാണ് മദ്യം ഒഴുക്കി കളയുക. കുപ്പി തുറന്ന് മദ്യം ടാങ്കിലേക്ക് ഒഴിച്ചു കളയുകയാണ് ചെയ്യുക. ഇതിന് ശേഷം കാലിക്കുപ്പിയും കുപ്പി പൊട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ചില്ലുകളും മദ്യം സൂക്ഷിച്ചിരിക്കുന്ന കാര്‍ഡ് ബോര്‍ഡ് പെട്ടികളും കൃത്യമായി അടുക്കി സൂക്ഷിക്കുക എന്നതും കരാറിന്റെ ഭാഗമാണ്
നേരത്തെ ഇവിടെ 50,000 കെയ്സ് മദ്യം ഒഴുക്കി കളഞ്ഞിരുന്നു. ഒരു കെയ്സില്‍ 9 ലീറ്റര്‍ മദ്യമാണ് ഉണ്ടാവുക. ഇത് പ്രകാരമാണെങ്കില്‍ കഴിഞ്ഞ തവണ ഇവിടെ ഒഴുക്കി കളഞ്ഞത് 4.5 ലക്ഷം ലിറ്റര്‍ മദ്യമാണ്.
നിലവില്‍ ഒഴുക്കി കളയേണ്ട കാലാവധി കഴിഞ്ഞ മദ്യത്തില്‍ കൂടുതലും ബിയറും വിലകൂടിയ മദ്യവുമാണ്. ആറുമാസം കഴിഞ്ഞാല്‍ ബിയര്‍ ഉപയോഗശൂന്യമാകും. വില കുറഞ്ഞ മദ്യത്തിന് ചെലവ് കൂടുതലായതിനാല്‍ പലപ്പോഴും വിലകൂടിയ മദ്യങ്ങള്‍ ഔട്ട്ലെറ്റുകളില്‍ ബാക്കിയാവുക പതിവാണ്