സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ പൊലീസ് കേസെടുത്തു. ഗാനം അവതരിപ്പിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ ഒരു മതവിഭാഗത്തെ തീവ്രവാദികളാക്കി ചിത്രീകരിച്ചുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 4-ന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 153 (മതസ്പര്‍ധ വളര്‍ത്തല്‍) പ്രകാരമാണ് നടക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കോഴിക്കോട് ആതിഥേയത്യം വഹിച്ച അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് വിവാദമായി മാറിയത്. തീവ്രവാദിയായി മുസ്ലീം വേഷധാരി ദൃശ്യാവിഷ്‌കാരത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദത്തിന് തിരികൊളുത്തിയത്. വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള ദൃശ്യാവിഷ്‌കാരത്തില്‍ ഇത്തരമൊരു ചിത്രീകരണം ഉണ്ടായതിനെ തള്ളിപ്പറഞ്ഞിരുന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്നും അന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിവ്യക്തമാക്കിയിരുന്നു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരത്തിനെതിരായ വിമര്‍ശനം ഗൗരവമുള്ളതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. ദൃശ്യാവിഷ്‌ക്കാരത്തില്‍ ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും വ്യക്തമാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here